സേവനമൊന്നും നല്‍കാതെ കോടികള്‍ വാങ്ങിയതിന്റെ പശ്ചാത്തലം ശശിധരന്‍ കര്‍ത്ത തന്നെ ഇ.ഡിക്കു മുമ്പില്‍ പറഞ്ഞതോടെ മുന്‍ മുഖ്യമന്ത്രിയും മകളും ഊരാക്കുടുക്കിലേക്ക് വീഴുകയാണെന്ന് സൂചന. എക്‌സാലോജിക് സൊല്യൂഷന്‍ സേവനമൊന്നും നല്‍കിയില്ല. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയുടെ പരിചയമാണ് കമ്പനിക്ക് പണം നല്‍കാന്‍ തയ്യാറായതെന്നാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി. പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനല്‍കിയത്. വീണയോ എക്‌സാലോജിക്കോ സി.എം.ആര്‍.എലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഇ.ഡിക്ക് മൊഴി നല്‍കി. അതേസമയം ശശിധരന്‍ കര്‍ത്ത നല്‍കിയ മൊഴി മാധ്യമസൃഷ്ടിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. എക്സാലോജിക് കേസ് തന്നിലേക്ക് എത്തിക്കാനാകുമോ എന്നാണ് പലരും നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ടി. വീണയ്ക്ക് എക്സാലോജിക്ക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് പുറമെ മറ്റൊരു കമ്പനി കൂടിയുള്ളതായി ഇ.ഡിക്ക് കടുത്ത സംശയമുണ്ട്.
‘ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍’ എന്ന കമ്പനി വീണയുടേതാണെന്നാണ് സൂചന. കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കഴിഞ്ഞ മേയ് 27ന് നടത്തിയ റെയ്ഡില്‍ വീണയുടെ വീട്ടില്‍നിന്നും ഇ.ഡി കണ്ടെടുത്തിരുന്നു. വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലെ 1,37,088 രൂപ, എക്സാലോജിക്കിന്റെ 27,585 രൂപ എന്നിവയ്ക്കൊപ്പം ലേക്കര്‍ ഇന്ത്യയുടെ 15,57,414 രൂപയും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിതരണംചെയ്യുന്ന കമ്പനിയാണ് ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍ എന്നാണ് വിവരം. ഈ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വീണയെ കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നാണ് സൂചന.
നേരത്തേ സി.എം.ആര്‍.എല്‍.-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണയ്ക്കും പ്രതിപക്ഷനേതാവ് പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്ത ഇ.ഡിക്ക് നല്‍കിയ മൊഴി പുറത്തുവന്നിരുന്നു. 2024 ഏപ്രില്‍ 17ന് ഇ.ഡി. രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നത്. 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സി.എം.ആര്‍.എല്‍. നല്‍കിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇ.ഡി. കണ്ടെത്തി. സേവനങ്ങളൊന്നും നല്‍കിയിരുന്നില്ലെന്ന കാര്യം വീണതന്നെ സമ്മതിച്ചിട്ടുണ്ടെന്ന കാര്യവും ഇ.ഡി. റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മാസപ്പടിക്കേസില്‍ ടി.വീണ വ്യാജരേഖകള്‍ നിര്‍മിച്ചത് സ്വന്തം ഐഫോണ്‍ പ്രോ മാക്സിലാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. തിരുവനന്തപുരത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ കസ്റ്റഡിയിലെടുത്ത ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നല്‍കാത്ത സേവനങ്ങളുടെ പേരിലാണ് വ്യാജ ഇന്‍വോയ്സുകള്‍ നിര്‍മിച്ചിരിക്കുന്നത്.
വ്യാജ ഐടി സേവന കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും ഇ-മെയില്‍ ഇടപാടുകളും ഐഫോണില്‍ നിന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇ-മെയില്‍ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന വീണയുടെ മുന്‍ മൊഴികള്‍ക്ക് വിരുദ്ധമാണ് ഈ തെളിവുകള്‍. വീണയുടെ പേരില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ‘ലേക്കര്‍ ഇന്ത്യ കോര്‍പ്പ്’ എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി ഉള്ളതായി പരിശോധനയില്‍ ഇഡി കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി സമര്‍പ്പിച്ച 21 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് വീണയ്‌ക്കെതിരെയുള്ള ഈ ഗുരുതര കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഈ കേസില്‍ വീണയെ പ്രതിയായി ചേര്‍ത്തിട്ടുണ്ട്. നിലവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സിവില്‍ നടപടികളുമായി (സ്വത്ത് കണ്ടെത്തല്‍, മൊഴിയെടുക്കല്‍) മുന്നോട്ടുപോകാനേ ഇഡിക്ക് സാധിക്കൂ. ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് അടക്കമുള്ള ക്രിമിനല്‍ നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ.
















