മലയാളം ഇൻഡസ്ട്രിയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടനാണ് ഫഹദ് ഫാസിലെന്ന് തെന്നിന്ത്യൻ താരം മാളവിക മോഹനൻ. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവ്വം’ സിനിമയുടെ ടീസറിലും ഫഹദ് ഫാസിൽ റെഫറൻസ് കാണാൻ സാധിക്കും. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് മാളവിക മോഹനൻ ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിച്ചത്.
“മലയാളം ഇൻഡസ്ട്രിയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടൻ ഫഹദ് ഫാസിലാണ്. ടീസറിലെ സീൻ കറക്റ്റ് ആണ്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ ഒരുപാട് ചിരിച്ചിരുന്നു. കാരണം അതെനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു. എന്റെ ബോംബെയിലുള്ളതും മറ്റ് ഇൻഡസ്ട്രിയിലുള്ള സുഹൃത്തുക്കളും സംസാരിക്കുന്നത് ശരിക്കും അതുപോലെ തന്നെയാണ്. ഫഹദിനെയും മലയാള സിനിമയെയും ഇഷ്ടമാണെന്ന് പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്.” മാളവിക മോഹനൻ പറയുന്നു.
അതേസമയം ഫഹദ് ഫാസിൽ ചിത്രം ‘ഓടും കുതിര ചാടും കുതിര’യും ഹൃദയപൂർവ്വവും തൊട്ടത്തടുത്ത ദിവസങ്ങളിലായി ഓണം റിലീസായി എത്തുകയാണ്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോയിൽ ഒരു സിനിമ വരുന്നത്. സിനിമയിലെ മറ്റൊരു പ്രധാന ഘടകമെന്ന് പറയുന്നത് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ വരുന്നു എന്നുള്ളതാണ്. നേരത്തെ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു.
അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.മലയാളികൾക്ക് എല്ലാകാലത്തും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ. ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവ്വം’ ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. കുടുംബപ്രേക്ഷകരെ ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പുതിയ ചിത്രത്തിലും പ്രേക്ഷകഹൃദയം കീഴടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
















