തലസ്ഥാന നഗരിയിലെ പ്രധാന ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കോവളം. നിരവധി വിനോദ സഞ്ചാരികളാണ് കോവളത്തിന്റെ ഭംഗി ആസ്വദിക്കാനായി എത്താറ്. തിരുവനന്തപുരത്തു നിന്ന് 16 കിലോമീറ്റര്‍ അകലെ ആണ് ഈ മനോഹരമായ ബീച്ച് സ്ഥിതി ചെയ്യുന്നത്. കോവളത്തിന് ചുറ്റും ധാരാളം വിശ്രമ സങ്കേതങ്ങളും ഉണ്ട്.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുമാണിത്. ഒരു കാലത്ത് ഒരു ചെറിയ മത്സ്യബന്ധന ഗ്രാമം മാത്രമായിരുന്നു. 1930-കളിലാണ് യൂറോപ്യന്മാര്‍ കോവളം കടല്‍ത്തീരത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ കണ്ടെത്തിയത്. ഹിപ്പി സംസ്കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ന് കാണുന്ന നിലയിലേക്ക് കോവളം മാറി. കോവളത്ത് എത്തിയാൽ കടലോരങ്ങള്‍ മാത്രമല്ല കാണാനുള്ളത് വേറേയും കാഴ്ചകളുണ്ട്.
കോവളത്തെ ഏറ്റവും വലിയ ആകര്‍ഷണം ചന്ദ്രക്കലയുടെ ആകൃതിയില്‍ പാറക്കെട്ടുകളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്ന മൂന്ന് ബീച്ചുകളാണ്. 17 കിലോമീറ്റര്‍ നീളമുള്ള കടല്‍ത്തീരത്തു പരന്നുകിടക്കുന്ന കോവളം ബീച്ച്, യഥാര്‍ഥത്തില്‍ ഈ മൂന്ന് ബീച്ചുകളുടെ സംയോജനമാണ്. ഹവാ ബീച്ച്, ലൈറ്റ്ഹൗസ് ബീച്ച്, സമുദ്ര ബീച്ച്. ലൈറ്റ്ഹൗസ് ബീച്ചില്‍ നിന്ന് ഹവാ ബീച്ചിനെ വേര്‍തിരിക്കുന്നയിടമാണ് ഇവിടുത്തെ സൂര്യാസ്തമയ വ്യൂവിങ് പോയിന്റ്. മറ്റൊരു ബീച്ച് പ്രശസ്തമായ അശോക് ബീച്ചാണ്. സമുദ്ര ബീച്ചിന്റെ ഭാഗം തന്നെയായിട്ടാണ് ഇതിനെ കാണുന്നത്. അശോക് ബീച്ചിലാണ് കോവളം ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നത്.
കോവളം ബീച്ചിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന സമുദ്ര ബീച്ച് വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്. എന്നാല്‍ വിനോദസഞ്ചാരികളുടെ വലിയ തിരക്ക് ഒരിക്കലും ഇവിടെ കാണാനാകില്ല. അതുകൊണ്ടു തന്നെ പൂര്‍ണമായ സ്വകാര്യത ആഗ്രഹിക്കുന്ന ആര്‍ക്കും ഈ ബീച്ച് തിരഞ്ഞെടുക്കാം. മിക്കവാറും എല്ലാ ഹണിമൂണ്‍ പാക്കേജുകളിലും ഈ ബീച്ച് ഉള്‍പ്പെടുത്താറുണ്ട്.
കോവളത്ത് നിന്ന് 2 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം ഒരു മത്സ്യബന്ധന ഗ്രാമമാണ്. തിരുവനന്തപുരത്തെ ഏറ്റവും തിരക്കേറിയ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നാണ് പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഇത്. ഡച്ചുകാരാണ് ഇവിടെ ആദ്യമായി പാണ്ടികശാല കെട്ടിയത്. 1622 ല്‍ ആദ്യത്തെ കത്തോലിക്കാപ്പള്ളിയും ഇവിടെ സ്ഥാപിതമായി. പ്രാചീനമായ വിഴിഞ്ഞം ഗുഹാക്ഷേത്രങ്ങള്‍ ഇന്നും ഇവിടെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടപ്പുണ്ട്.
17-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സെന്റ് മേരിസ് കത്തോലിക്കാ പള്ളി, പുരാതനമായ മുസ്ലിം പള്ളി എന്നിവ പ്രശസ്തമാണ്. ജില്ലയിലെ പ്രമുഖ മത്സ്യബന്ധനതുറമുഖമാണിത്. കടലിലെ അപൂര്‍വ മത്സ്യങ്ങളുടെയും ജീവികളുടെയും ശേഖരമുള്ള മറൈന്‍ അക്വേറിയവും ഇവിടെയുണ്ട്.കോവളത്തെ സിറ്റി സെന്ററില്‍ നിന്ന് അല്‍പദൂരയായി സ്ഥിതി ചെയ്യുന്ന ശാന്തവും നിശബ്ദവുമായ ബീച്ചാണ് ചൊവ്വര. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റിയ സ്ഥലമാണിത്. അറബിക്കടലിന്റെ പ്രശാന്തസൗന്ദര്യം ജീവസുറ്റതാക്കുന്ന ചൊവ്വര ബീച്ച് കുടുംബവുമൊന്നിച്ച് എത്തുന്നവരുടെ ഇഷ്ടസങ്കേതമാണ്.
ശാന്തമായ അന്തരീക്ഷത്തിന് പേരുകേട്ട കോവളം-പൂവാര്‍ തീരദേശ പാതയുടെ തെക്കേ അറ്റത്താണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ബീച്ചിന് ഏകദേശം 1 കിലോമീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ട്. നെയ്യാര്‍ നദീമുഖത്തോടു ചേര്‍ന്നിരിക്കുന്നവെന്നതാണ് ചൊവ്വര ബീച്ചിന്റെ പ്രത്യേകത. ഈ സമയത്ത് നദി കടലുമായി സന്ധിക്കുന്നു, നദിയുടെയും കടലിന്റെയും സംഗമസ്ഥാനം നീന്തലിന് അനുയോജ്യമായ ഒരു പ്രകൃതിദത്ത ഉള്‍ക്കടല്‍ സൃഷ്ടിക്കുന്നു. ഈയൊരു കാരണമാണ് വിനോദസഞ്ചാരികളെ കൂടുതലും ഇവിടേയ്ക്ക് അടുപ്പിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ഒരു പഴയ കടവാണ് വലിയതുറ. അക്ഷരാർഥത്തില്‍ കോവളത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണിത്. കടവില്‍ നില്‍ക്കുമ്പോള്‍ ഒരു വശത്ത് കോവളത്തിന്റെ നീണ്ട തീരപ്രദേശവും മറുവശത്ത് ഷണ്‍മുഖം ബീച്ചും കാണാം. തദ്ദേശിയരെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു പ്രത്യേക സവിശേഷതയാണ് ഈ കടവിനുള്ളത്.തിരുവല്ലത്താണ് കിള്ളിയാറും കരമനയാറും സംഗമിക്കുന്നത്. രണ്ടു നദികള്‍ അറബിക്കടലില്‍ ചേരുന്ന തിരുവല്ലത്തിന് സമീപമുള്ള മറ്റൊരു ആകര്‍ഷണമാണ് പൊഴിക്കര ബീച്ച്. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഇവിടെതന്നെ. കരമനയാറും പാര്‍വതീ പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് ക്ഷേത്രം നില്‍ക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ശുദ്ധജല തടാകങ്ങളിലൊന്നായ വെള്ളായണി തടാകം സ്ഥിതിചെയ്യുന്നത് കോവളത്തിനടുത്താണ്. 7.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ജലാശയം തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ്. ബോട്ടിങ്ങിനും പക്ഷി നിരീക്ഷണത്തിനും അനുയോജ്യമായ മനോഹരമായ ഒരു ശുദ്ധജല തടാകമാണ് വെള്ളായണി തടാകം അല്ലെങ്കില്‍ വെള്ളായണി കായല്‍.പ്രകൃതിയുടെ നടുവിൽ കാഴ്ചകൾ കണ്ട് അവധിയാഘോഷിക്കാൻ വേളി ടൂറിസ്റ്റ് വില്ലേജ് തിരഞ്ഞെടുക്കാം. അറബിക്കടലിനെയും വേളി കായലിനെയും ബന്ധിപ്പിക്കുന്ന സ്ഥലത്ത് ബോട്ടിങ്ങിനു പോകാം. കോവളം സിറ്റിയിൽ നിന്ന് 12 കിലോമീറ്റർ അകലെയാണിത്. പൂന്തോട്ടം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പ്രതിമകളുടെ പാര്‍ക്ക്, സ്വയം പെഡല്‍ ചെയ്യാവുന്നതും അല്ലാത്തതുമായ ബോട്ടിങ്ങ് സൗകര്യങ്ങള്‍ എന്നിവ വേളിയെ പ്രിയപ്പെട്ടതാക്കുന്നു.
















