രവി മോഹനും ജെനീലിയ ഡിസൂസയും നായികാ നായകന്മാരായ തമിഴ് സൂപ്പർ ഹിറ്റ് ചിത്രമാണ് സന്തോഷ് സുബ്രഹ്മണ്യം. ചിത്രത്തിലെ സന്തോഷും ഹാസിനിയും ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ സന്തോഷ് സുബ്രഹ്മണ്യത്തിലെ ഐകോണിക് സീൻ ഇരുവരും പുനരാവിഷ്കരിച്ചിരിക്കുകയാണ്. രവി മോഹൻ പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചിനിടെയാണ് രംഗം റിക്രിയേറ്റ് ചെയ്തത്.
കാണുന്ന ആളുകളുടെ മനസ്സ് നിറയുന്ന പെർഫോമൻസ് ആയിരുന്നുവെന്നും ഏറെ നാളുകൾക്ക് ശേഷം രണ്ടുപേരെയും ഒരു വേദിയിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഈ വീഡിയോ ശകലമാണ് ട്രെൻഡിങ്.തമിഴിലെ മുൻ നിര നായകന്മാരിൽ ഒരാളാണ് രവി മോഹൻ. വിവാഹമോചനവും പേര് മാറ്റലും പിന്നീട് സംവിധാന രംഗത്തേക്കുള്ള പ്രവേശനത്തിന്‍റെ റിപ്പോര്‍ട്ടുകളുമായി അടുത്തിടെ നടൻ സജീവമായി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ നിർമാണ രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുകയാണ് അദ്ദേഹം. രവി മോഹൻ സ്റ്റുഡിയോസ് എന്നാണ് പ്രൊഡക്ഷൻ കമ്പനിയുടെ പേര്. തമിഴ് സിനിമയിൽ ഒട്ടുമിക്ക എല്ലാ നടന്മാരും നടിമാരും ഈ പരിപാടിക്ക് എത്തിയിരുന്നു.
അതേസമയം, യോഗി ബാബുവിനെ നായകനാക്കി ഒരു ചിത്രം നടൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒരു മുഴുനീള കോമഡി സിനിമയാകും ഇതെന്നും വാർത്തകളുണ്ട്. നേരത്തെ തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് രവി മോഹൻ പറഞ്ഞിരുന്നു. ഈ സിനിമയുടെ മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല.
















