സംസ്ഥാനത്തെ പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഓണം ആശ്വാസമായി 2250 രൂപ വീതം എക്സ്‌ഗ്രേഷ്യേ ലഭിക്കും. ഇത്തവണ 250 രൂപ വര്‍ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എല്ലാവര്‍ക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചു.
- ലോട്ടറി ക്ഷേമനിധി ഉത്സവ ബത്ത വര്‍ധിപ്പിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു. ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയര്‍ത്തി. 7500 രൂപ ലഭിക്കും. പെന്‍ഷന്‍കാര്‍ക്കുള്ള ഉത്സവബത്ത 2500 രൂപയില്‍നിന്ന് 2750 രൂപയയായി വര്‍ധിപ്പിച്ചു. 37,000 സജീവ അംഗങ്ങള്‍ക്കും 8700 പെന്‍ഷന്‍കാര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചു.
- പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ്
സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സപ്ലൈകോ ഓണക്കിറ്റ് വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്റ്റ് കൂപ്പണുകള്‍ വിതരണം ചെയ്യും. 2149 തൊഴിലാളികള്‍ക്ക് കിറ്റ് ഉറപ്പാക്കാന്‍ 21.49 ലക്ഷം രൂപ അനുവദിച്ചു.
- ഖാദി തൊഴിലാളി ഉത്സവ ബത്ത 250 രൂപ വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവ ബത്ത 250 രൂപ വര്‍ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2000 രൂപവീതം ലഭിക്കും. 12,500 തൊഴിലാളികള്‍ക്കാണ് അര്‍ഹത. ഇതിനായി 2.50 കോടി രൂപ അനുവദിച്ചു.
- പരമ്പരാഗത തൊഴിലാളികള്‍ക്ക് 50 കോടി അനുവദിച്ചു
പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ഓണത്തിന്റെ ഭാഗമായി 50 കോടി രൂപയുടെ അധിക സഹായം സര്‍ക്കാര്‍ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കല്‍ (ഇന്‍കം സപ്പോര്‍ട്ട് സ്‌കീം) പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. 3,79,284 തൊഴിലാളികള്‍ക്ക് ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കയര്‍, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആന്‍ഡ് സിഗാര്‍ മേഖലകളിലെ ഇന്‍കം സപ്പോര്‍ട്ട് സ്‌കീം ആനുകൂല്യമാണ് വിതരണം ചെയ്യുന്നത്.
CONTENT HIGH LIGHTS; So how can we celebrate?: Ex-gratia of Rs 2250 for workers in closed cashew factories; rice worth Rs 250
















