ആലപ്പുഴ: ആലപ്പുഴയിൽ ക്രിക്കറ്റ് ബാറ്റിലൊളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റബിഹുൽ ഹഖ് എന്ന യുവാവാണ് ആണ് പിടിയിലായത്.16 ക്രിക്കറ്റ് ബാറ്റുകളിലായി 13.5 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
വിൽപ്പന നടത്താനെന്ന വ്യാജേന കൊണ്ടുവന്ന പ്ലാസ്റ്റിക് ബാറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്നും എക്സൈസും ലഭിച്ച പരിശോധന നടത്തിയത്. ഒഡിഷയിൽ നിന്നാണ് കഞ്ചാവ് ലഭ്യമായതെന്ന് റബീഹുൽ ഹഖ് പോലീസിനെ അറിയിച്ചു.
ബംഗാൾ മാൽഡ സ്വദേശിയാണ് റബിഹുൽ ഹഖ്. ബാറ്റിന്റെ പിടി ഭാഗം തുറന്ന് ആണ് കഞ്ചാവ് നിറച്ചത്. തുടർന്ന് ആ ഭാഗം റെക്സിൻ ഉപയോഗിച്ച് കവർ ചെയ്തു. ചില ബാറ്റുകളുടെ അരികു ഭാഗം കീറിയും കഞ്ചാവ് നിറച്ചിരുന്നു. സെല്ലോ ടേപ്പ് ഉപയോഗിച്ച് തുറന്ന ഭാഗം അടച്ചു.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഓഫിസർ ജിപിൻ, ഇൻസ്‌പെക്ടർ ദിലീപ് വി.ടി,സബ് ഇൻസ്പെക്ടർ , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ പ്രയ്‌സ് മാത്യു ,ഫിലിപ്സ് ജോൺ ,ഗിരികുമാർ,ഹെഡ് കോൺസ്റ്റബിൾ ജി വിപിൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണം ഉൾപ്പടെയുള്ള വിശേഷ ദിവസങ്ങൾ കണക്കിലെടുത്താണ് ലഹരി എത്തിച്ചതെന്നാണ് കണക്കുകൂട്ടൽ. വിവേക എക്സ് പ്രസിൽ എത്തിയവരിൽ ഹബീബുൽ ഹഖ് മാത്രമാണോ ഉള്ളതെന്നും ആർപിഎഫ് പരിശോധിച്ചു വരികയാണ്.
















