എഡിജിപി എം ആർ അജിത്കുമാറിന് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദന കേസിലെ വിജിലന്‍സ് കോടതി ഉത്തരവ് ഹോക്കോടതി സ്റ്റേ ചെയ്തു.കേസിൽ ഓണാവധിക്ക് ശേഷം വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാർ നൽകിയ ഹർജിയിലാണ് നടപടി.
വിജിലൻസ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു എംആർ അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.ബദറുദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എഡിജിപിയാണ് അജിത് കുമാർ അതിനാൽ അദേഹത്തിനെതിരെ അന്വേഷണം നടത്തേണ്ടത് ഉന്നത ഉദ്യോഗസ്ഥർക്കാണ്. എന്നാൽ എസ്പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്.
ഇത് എങ്ങനെ സാധ്യമാകുമെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നായിരുന്നു അജിത് കുമാറിന്റെ വാദം. കേസിൽ വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി രാമൻ പിള്ള മുഖേന നൽകിയ ഹർജിയിൽ അജിത് കുമാർ ആവശ്യപ്പെട്ടത്. ഇതാണ് കോടതി ഇപ്പോൾ അംഗീകരിച്ചത്.
















