കളിയോടക്ക അഥവാ ചീട നമുക്കൊക്കെ പരിചിതമാണല്ലേ? എന്നാൽപ്പിന്നെ ചായക്ക് കൊറിക്കാൻ നമുക്ക് ചീട തയാറാക്കിനോക്കിയാലോ?
ചേരുവകൾ
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
അപ്പംപൊടി – രണ്ടു കപ്പ്
വെണ്ണ – ഒരു ചെറിയ സ്പൂൺ
ബേക്കിങ് സോഡ – കാൽ ചെറിയ സ്പൂൺ
ഉപ്പ്, വെള്ളം – പാകത്തിന്
എള്ള് – ഒരു ചെറിയ സ്പൂൺ
ജീരകം – കാൽ ചെറിയ സ്പൂൺ
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചെറുതീയിൽ വച്ച്, തേങ്ങ ചേർത്തു വെള്ളമയം മുഴുവനും വലിയുന്നതു വരെ ഇളക്കുക. തേങ്ങയുടെ വെള്ളനിറം നഷ്ടപ്പെടരുത്. അപ്പംപൊടി ഒരു വലിയ പാത്രത്തിലേക്ക് ഇടഞ്ഞ്, വെണ്ണയും സോഡാപ്പൊടിയും ചേര്‍ത്തു പുട്ടിനെന്ന പോലെ നനയ്ക്കുക. ഇതിലേക്കു പാകത്തിനുപ്പും വെള്ളവും ചേർത്തു നന്നായി തേച്ചു കുഴയ്ക്കണം. എള്ളും ജീരകവും ചേർത്തു വീണ്ടും കുഴയ്ക്കണം. പിന്നീട് തേങ്ങ ചുരണ്ടിയതും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക. ഈ മാവിൽ നിന്നും ചെറിയ നെല്ലിക്ക വലുപ്പത്തില്‍ മാവെടുത്ത് അധികം ബലം കൊടുക്കാതെ ഉരുട്ടണം. ചൂടായ വെളിച്ചെണ്ണയിൽ അൽപാൽപം വീതം ഇട്ട് ചെറുതീയിൽ വറുത്തു കോരുക.
















