ആലപ്പുഴ: തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത അബൂബക്കറിന് കോടതി ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അബൂബക്കറിനെതിരായ കൊലക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. ആദ്യ റിമാൻഡ് റിപ്പോർട്ടില്‍ അബൂബക്കർ മാത്രമാണ് കൊലയാളിയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അബൂബക്കർ ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. മുളക് പൊടി വിതറിയതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും എല്ലാം അബൂബക്കറാണെന്നും റിമാന്‍റ് റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു പ്രതിക്കുള്ള സാധ്യതയോ സൂചനയോ റിപ്പോർട്ടിൽ ഇല്ലായിരുന്നു. കൊലപാതകം നടത്തിയത് മറ്റൊരാളായിരിക്കെയാണ് ആദ്യം അറസ്റ്റിലായ ആളുടെ മുകളിൽ മുഴുവൻ കുറ്റവും ചുമത്തിയത് ഗുരുതര വീഴ്ചയാണ്. എന്നാല്‍ നിലവില്‍ അബൂബക്കറിനെതിരായ കൊലക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
60 കാരിയെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളായ തൃക്കുന്നപ്പുഴ മുട്ടേക്കാട്ടിൽ സൈനുലാബ്ദീനെയും ഭാര്യ അനീഷയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നെന്ന് സൈനുലാബിദ് പൊലീസിനോട് പറഞ്ഞു. കവര്‍ച്ചയ്ക്കും കൊലപാതകത്തിനുമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മരിച്ച സ്ത്രീയുടെ വീടിന് സമീപം സൈനുലാബിദും ഭാര്യയും മുന്‍പ് താമസിച്ചിരുന്നു.
















