ആലിയ ഭട്ടിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ രൂക്ഷമായി പ്രതികരിച്ച് നടി. അനുവാദമില്ലാതെ ചിത്രീകരിച്ച വീഡിയോക്കെതിരെ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
കുറിപ്പ് ഇങ്ങനെ:
മുംബൈ പോലുള്ള നഗരങ്ങളിൽ സ്ഥലപരിമിതിയുണ്ടെന്ന് എനിക്കറിയാം. ചിലപ്പോൾ നമ്മുടെ ജനലിലൂടെ കാണുന്നത് മറ്റൊരാളുടെ വീടായിരിക്കും. പക്ഷേ, അത് സ്വകാര്യ വസതികൾ ചിത്രീകരിക്കാനും ആ വീഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കാനും ആർക്കും അവകാശം നൽകുന്നില്ല. ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ, നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയും പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതരമായ സുരക്ഷാപ്രശ്നവുമാണ്. ഒരാളുടെ സ്വകാര്യ ഇടം അനുവാദമില്ലാതെ ചിത്രീകരിക്കുന്നത് ‘കണ്ടൻ്റല്ല’. അതൊരു ലംഘനമാണ്. ഇത് സാധാരണവത്കരിക്കാൻ പാടില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കാനും ആലിയ തന്റെ ആരാധകരോട് ചോദിച്ചു. ഒന്ന് ചിന്തിച്ചുനോക്കൂ, നിങ്ങൾ അറിയാതെ നിങ്ങളുടെ വീടിന്റെ വീഡിയോ പരസ്യമായി പങ്കുവെച്ചാൽ നിങ്ങൾ അത് സഹിക്കുമോ? നമ്മളാരും അത് സഹിക്കില്ല. അതുകൊണ്ട് ഒരു അഭ്യർത്ഥനയുണ്ട്.
ഇത്തരത്തിലുള്ള കണ്ടൻ്റ് നിങ്ങള്‍ ഓൺലൈനിൽ കാണുകയാണെങ്കില്‍, ദയവായി അത് ഷെയർ ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്. ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മാധ്യമങ്ങള്‍ ഉടൻ നീക്കം ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നന്ദി.
content highlight: Aalia Bhatt
















