ന്യൂഡല്‍ഹി: പാകിസ്ഥാന് വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി ഇന്ത്യ. കനത്ത മഴയെ തുടർന്ന് പാകിസ്ഥാനിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് ഇന്ത്യ പാക്കിസ്ഥാന് പ്രളയ മുന്നറിയിപ്പ് നൽകിയത്. പിന്നാലെ സത്‌ലജ്, രവി, ചെനാബ് നദിക്കരകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ഒന്നര ലക്ഷത്തോളം ആളുകളെ പാകിസ്താന്‍ ഒഴിപ്പിച്ചു.
പഞ്ചാബിലെ മധോപൂര്‍, രഞ്ജിത്ത് സാഗര്‍ അണക്കെട്ടുകള്‍ അടിയന്തരമായി തുറക്കേണ്ടിവരുന്ന സാഹചര്യത്തിലാണ്. രഞ്ജിത്ത് സാഗര്‍ അണക്കെട്ട് തുറന്നു. മധോപൂര്‍ അണക്കെട്ട് താമസിയാതെ തുറക്കുമെന്നാണ് വിവരം.ആഴ്ചകളായി തുടരുന്ന കനത്ത മഴയും അതിനെ തുടർന്ന് രൂക്ഷമായ വെള്ളപ്പൊക്കവും കാരണം ഇരുരാജ്യങ്ങളും വലയുകയാണ്. അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ തുറന്ന് വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കനത്ത പ്രളയമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലും ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നൽകിയത്.
ജമ്മു കശ്മീരിലെ ഒട്ടുമിക്ക നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും സമാന സ്ഥിതിയാണ്. ഇന്ത്യ രണ്ടാമത് മുന്നറിയിപ്പ് നല്‍കുന്നതിന് മുന്‍പെ തന്നെ തങ്ങള്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചുവെന്നാണ് പാകിസ്താന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. ഏകദേശം 34000 ആളുകള്‍ സ്വമേധയാ ഒഴിഞ്ഞപോയി. ജനങ്ങളെ സഹായിക്കുന്നതിനായി സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പാകിസ്താനില്‍ 800 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും നശിക്കുകയും ചെയ്തു. തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ രാജ്യത്തിന്റെ നിലവിലുള്ള സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്.
















