യു.എസിന്റെ തീരുവ സമ്മർദ്ദത്തിന് വഴങ്ങാൻ ഒരുക്കമില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം 25% തീരുവയാണ് യു.എസ് ചുമത്തിയത്. എന്നാൽ പിന്നീട് റഷ്യൻ ഇന്ധന ഇറക്കുമതിയുടെ പേരിൽ 25% തീരുവ കൂടി ബാധകമാക്കി. റഷ്യയുമായുള്ള ഇന്ത്യൻ സഹകരണംഇല്ലാതാക്കനുള്ള ട്രംപിന്റെ കുറുക്ക് വഴിയായിരുന്നു ഇത്. എന്നാൽ ട്രംപിന് തെറ്റി, ഇന്ത്യ ഈ സമ്മർദ്ദ തന്ത്രത്തിൽ കുരുങ്ങിയില്ലെന്ന് മാത്രമല്ല, അമേരിക്കയ്ക്ക് നല്ലൊരു സുഹൃത്തിനെ നഷ്ടമാകുകയും ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കഴിഞ്ഞ ആഴ്ച്ചകളിൽ 4 തവണ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംഭാഷണത്തിന് മോദി വിസമ്മതിച്ചതായി ജർമ്മൻ മാധ്യമമായ ഫ്രാങ്ക്ഫർട് ആൽജെമെയ്ൻ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ലോകരാജ്യങ്ങളിൽ ബ്രസീലിനൊപ്പം 50% എന്ന തോതിൽ ഏറ്റവുമധികം യു.എസ് തീരുവ ബാധകമായ രാജ്യമാണ് ഇന്ത്യ. നിലവിൽ ട്രംപുമായി സംസാരിക്കാൻ പോലും മോദി കൂട്ടാക്കാത്തത് അദ്ദേഹത്തിന്റെ കോപവും അതോടൊപ്പം ജാഗ്രതയുമാണ് സൂചിപ്പിക്കുന്നതെന്നാണ് ജർമ്മൻ മാധ്യമം റിപ്പോർട്ടിൽ പറയുന്നത്
ഇന്ത്യയും-യു.എസും തമ്മിൽ സുദീർഘമായ വർഷങ്ങളിലെ വ്യാപാര ബന്ധമാണ് നിലവിലുണ്ടായിരുന്നത്. മോദിയും, ട്രംപും തമ്മിലും ഊഷ്മളമായ സൗഹൃദമുണ്ടായിരുന്നു. എന്നാൽ താരിഫിന്റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെച്ച് ട്രംപ് നീക്കം തുടങ്ങിയതാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു
ഇന്ത്യയും, റഷ്യയും നിർജ്ജീവമായ സമ്പദ് വ്യവസ്ഥകളാണെന്നും ഇവ രണ്ടും ഒരുമിച്ച് തകരുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനിടെ പാകിസ്ഥാനുമായി ക്രൂഡ് ഓയിൽ സഹകരണത്തിനുൾപ്പെടെ യു.എസ് മുതിരുകയും ചെയ്തു. ഇന്ത്യ പാകിസ്ഥാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന സാഹചര്യം വന്നേക്കാമെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാൻ ആർമി ചീഫിന് അത്താഴ വിരുന്നൊരുക്കി ഇന്ത്യയെ പ്രകോപിപ്പിക്കാനും യു.എസ് പ്രസിഡന്റ് ശ്രമിച്ചു
ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉടൻ മാറുമെന്ന് മോദി ട്രംപിന് പരോക്ഷമായി മറുപടി നൽകിയിരുന്നു. യു.എസ് വിപണികളെ ആശ്രയിക്കുന്ന മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുന്ന അതേ തന്ത്രമാണ് ട്രംപ് ഇന്ത്യയ്ക്കെതിരെയും പയറ്റിയത്. എന്നാൽ ഇതിന് വഴങ്ങാൻ ഇന്ത്യ തയ്യാറായില്ല.
യു.എസിലെ കമ്പനികൾക്ക് വേണ്ടി ഇന്ത്യയിലെ കാർഷിക വിപണി തുറന്നു നൽകണമെന്ന ട്രംപിന്റെ ആവശ്യവും ഇന്ത്യ നിരാകരിച്ചു. സ്വദേശി ഉല്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ജി.എസ്.ടി പരിഷ്ക്കരണം പ്രഖ്യാപിക്കുകയും ചെയ്തു.
ഇന്ത്യ റഷ്യൻ ഇന്ധന ഇറക്കുമതി തുടരുന്നതിൽ നിന്ന് പിന്നോട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചൈന അടക്കമുള്ള മറ്റ് രാജ്യങ്ങളുമായി കൂടുതൽ വ്യാപാര സഹകരണത്തിനുള്ള സാധ്യതകളും തേടുന്നുണ്ട്. യു.എസ് താരിഫിന് മറുപടി നൽകാൻ ഇത്തരത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.
















