രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്‌തെന്ന വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചില പരാതികളിൽ കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൂചനയുണ്ടെന്നാണ് വിവരം. ആവശ്യമെങ്കിൽ ഒരേ എഫ്‌ഐആർ എടുത്ത് കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. പരാതിയുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദമായ പരിശോധനയ്ക്ക് ഡിജിപി നിർദേശം നൽകി.
പരാതികൾ ഉയർന്നാൽ കർശന നടപടിയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ നൽകിയിരുന്നു. രാഹുൽ പിന്തുടർന്ന് നിരന്തരം ശല്യപ്പെടുത്തിയതായുള്ള പരാതികൾ ആരോപണം ഉന്നയിച്ചവർക്ക് ഉണ്ടോ എന്ന സാധ്യത പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ ഡിജിപിക്ക് നേരിട്ട് പരാതി ലഭിച്ചിരിക്കുന്നത്. സ്ത്രീകളെ ശല്യപ്പെടുത്തുന്ന വിധത്തിൽ പിന്തുടരുക, മെസേജ് അയയ്ക്കുക, നിരീക്ഷിക്കുക( സ്റ്റോക്കിംഗ്) എന്നിവയ്ക്ക് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ് രാഹുലിനെതിരെ പൊലീസ് നീക്കം നടക്കുന്നത്.
മുൻപ് രാഹുലിനെതിരെ പൊലീസിന് ലഭിച്ച പരാതി അതിക്രമം നേരിട്ടവർ നേരിട്ട് നൽകിയതല്ലെന്നും മൂന്നാമതൊരാൾ നൽകിയതാണെന്നുമുള്ള കാര്യം പൊലീസിന് വെല്ലുവിളിയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നപ്പോൾ നേരിട്ട സമാന ആശയക്കുഴപ്പത്തിലൂടെയാണ് പൊലീസ് കടന്നുപോയിരുന്നത്. പരാതിക്കാരികൾ നേരിട്ട് നൽകാത്ത പരാതിയാകുമ്പോൾ അതിന് കോടതിയിൽ നിന്നുൾപ്പെടെ തിരിച്ചടി നേരിടേണ്ടി വന്നേക്കാമെന്നായിരുന്നു പൊലീസ് വിലയിരുത്തൽ. ആരും പരാതി നൽകിയിട്ടില്ലെന്നും ലൈംഗികാരോപണ വിവാവദത്തിൽ കേസില്ലെന്നുമുള്ള വാദങ്ങൾ നിരത്തിയാണ് രാഹുൽ അനുകൂലികൾ എംഎൽഎയ്ക്ക് പ്രതിരോധം തീർത്തിരുന്നത്.
STORY HIGHLIGHT: case against rahul mamkoottathil mla
















