ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. 23 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാറിന് തുടർച്ചയായി പ്രശ്നങ്ങളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ നിന്നുള്ള അഭിഭാഷകനായ കീർത്തി സിങ് നൽകിയ പരാതിയിലാണ് താരങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഹരിയാനയിലെ സോണിപത്തിലെ ഡീലർഷിപ്പിൽ നിന്ന് 23,97,353 രൂപയ്ക്ക് ഹ്യുണ്ടായിയുടെ 2022 മോഡൽ അൽകാസർ കാർ വാങ്ങിയെന്നും അന്നുമുതൽ വാഹനത്തിനു നിരന്തരം പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നുവെന്നും ആരോപിച്ചാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. ഷാരൂഖും ദീപികയും ഈ വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസഡർമാരാണ്.
താരങ്ങൾക്കെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരൻ പറഞ്ഞു. ഭരത്പൂരിലെ മഥുര ഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം വാങ്ങാനെത്തിയപ്പോൾ കാറിന് യാതൊരു പ്രശ്നവുമില്ലെന്നും എന്തെങ്കിലും തകരാറുകളുണ്ടായാൽ അവർക്കായിരിക്കും ഉത്തരവാദിത്തമെന്ന് ഉറപ്പു നൽകിയിരുന്നതായും കീർത്തി സിങ് പറഞ്ഞു.
വാഹനം വാങ്ങി അധികം വൈകാതെ തന്നെ സാങ്കേതിക തകരാറുകൾ കണ്ടുതുടങ്ങി. വാഹനമോടിക്കുമ്പോൾ വേഗത കൂട്ടുകയോ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ വേഗത കൂടാതെതന്നെ കാർ അമിതമായി വൈബ്രേറ്റ് ചെയ്യുന്നു. എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റത്തിൽ തകരാർ ഉള്ളതായും കാണിക്കുന്നു. ഇത് പല തവണ തന്റെയും കുടുംബത്തിന്റെയും ജീവൻ പോലും അപകടത്തിലാക്കിയിട്ടുണ്ടെന്ന് കീർത്തി സിങ് പറയുന്നു.
പരാതിയുമായി ഡീലർമാരെ സമീപിച്ചപ്പോൾ, കമ്പനിയുടെ നിർമ്മാണത്തിലെ പിഴവാണെന്നും പരിഹരിക്കാൻ കഴിയില്ലെന്നുമായിരുന്നു ഡീലറുടെ മറുപടിയെന്ന് പരാതിക്കാരൻ പറഞ്ഞു. പ്രശ്നം ഭാഗികമായി പരിഹരിച്ചെങ്കിലും പിന്നീട് പലതവണ ആവർത്തിച്ചെന്നും സംഭവം, സാമ്പത്തികമായും ശാരീരികമായും മാനസികമായും വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും, കാർ ലോൺ ഇപ്പോഴും തിരിച്ചടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് പരാതി നൽകയെന്നും കീർത്തി സിങ് പറഞ്ഞു.
















