കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിൽ തടവിൽ കഴിയുന്ന തൃശൂർ സ്വദേശിയായ യു ടി ദിനേശിൽ നിന്നാണ് ഫോൺ പിടികൂടിയത്. ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലിൽ ഒളിപ്പിച്ച സിം കാർഡ് അടങ്ങിയ ഫോൺ പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. പൊതുവെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോണുകൾ കണ്ടെത്താറുണ്ടെങ്കിലും കൃത്യമായി ആരുടെ ഫോണെന്ന് കണ്ടെത്തിയ സംഭവം കൂടിയാണിത്.
കഴിഞ്ഞ ദിവസമായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലേക്ക് സാധനങ്ങൾ എറിഞ്ഞുനൽകിയാൽ 1000 മുതൽ 2000 രൂപ വരെ കൂലി ലഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നത്. ഫോണും ലഹരി മരുന്നുകളും, പുകയില ഉൽപ്പന്നങ്ങളും ജയിലിൽ എത്തിക്കാൻ ഒരു സംഘം തന്നെ പുറത്ത് പ്രവർത്തിക്കുന്നുണ്ട്. തടവുകാരുമായി ബന്ധമുള്ളവരും കൂലി വാങ്ങി എറിഞ്ഞുനൽകുന്നവരും അതിൽ ഉൾപ്പെടും. തടവുകാരനെ കാണാനായി ജയിലിൽ എത്തുന്നവരോട് എറിഞ്ഞുനൽകേണ്ട സ്ഥലത്തിന്റെ അടയാളം ആദ്യം പറഞ്ഞുകൊടുക്കുകയാണ് പതിവെന്നും വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.
STORY HIGHLIGHT : Mobile phone seized again from Kannur Central Jail
















