കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് രാവിലെ സമ്പൂർണ സുരക്ഷ പരിശോധന. വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. മണ്ണും മരവും വീണുണ്ടായ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും സാധാരണഗതിയിലുള്ള ഗതാഗതം സാധ്യമാകുക ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും. വ്യൂ പോയിന്റില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ അടിവാരത്തിലേക്ക് എത്തിക്കുകയും തുടര്‍ന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങള്‍ വ്യൂ പോയിന്റ് ഭാഗത്തേക്ക് കയറ്റി വിടും.
ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടതിന് ശേഷം ചുരത്തില്‍ ഗതാഗത നിരോധനം തുടരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. ഇന്ന് രാവിലെ നടക്കുന്ന പരിശോധനകള്‍ക്കുശേഷമേ നിരോധനത്തില്‍ അയവുവരുത്തൂവെന്നും കളക്ടര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം തുടരാന്‍ തീരുമാനിച്ചത്.
















