വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു സ്നാക്ക് ഉണ്ടാക്കിയാലോ? മലബാർ സ്പെഷ്യൽ ഉന്നക്കായ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- നേന്ത്രപ്പഴം
- തേങ്ങ
- ഉണക്കമുന്തിരി
- കശുവണ്ടി
- ഏലയ്ക്കപ്പൊടി
- പഞ്ചസാര
- നെയ്യ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
പകുതി പഴുത്ത പഴം ആവിയിൽ വേവിക്കാം. വെന്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കുക. അൽപ്പം നെയ്യ് ചേർത്തിളക്കി മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കാം. അതിലേയ്ക്ക് കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ ചിരകിയത്, എന്നിവ ചേർത്ത് വറുക്കാം. അൽപ്പം ഏലയ്ക്കപ്പൊടി, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്തിളക്കുക. ശേഷം കൈയ്യിൽ നെയ്യ് പുരട്ടി ഉടച്ചു വെച്ചിരിക്കുന്ന പഴത്തിൽ നിന്നും അൽപ്പം വീതം എടുത്ത് ചെറിയ ഉരുളകളാക്കാം. അവ പരത്തി തേങ്ങ വറുത്തെടുത്തത് വെച്ച് അരികുകൾ ഒട്ടിച്ച് നീളത്തിൽ ഉന്നക്കായുടെ ആകൃതിയിലാക്കിയെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കി അവ ചേർത്തു വറുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം. ചൂടോടെ തന്നെ കഴിക്കാം
















