കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിഞ്ഞു. തുടർന്ന് സ്ഥലത്ത് ഗതാഗതം നിരോധിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്പി അറിയിച്ചു.
മണ്ണും മരവും വീണുണ്ടായ ഗതാഗത തടസം പുനഃസ്ഥാപിച്ചെങ്കിലും ഇന്നു രാവിലെ വീണ്ടും ചെറിയ കല്ലുകൾ റോഡിലേക്ക് വീണിരുന്നു. ഈ കല്ലുകൾ അഗ്നിരക്ഷാസേനയെത്തി ഇപ്പോൾ നീക്കം ചെയ്യുകയാണ്. വിദഗ്ധ സമിതി ഇന്ന് സമ്പൂർണ പരിശോധന നടത്തും.
ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമായി 20 മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് താമരശ്ശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. റോഡിലേക്കു പതിച്ച പാറക്കൂട്ടങ്ങളും മണ്ണും മരങ്ങളുമെല്ലാം നീക്കി, റോഡിലെ ചെളി കഴുകി വൃത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയാണ് ചുരം തുറന്നത്. വ്യൂ പോയിന്റിനു സമീപം കുടുങ്ങിയ വാഹനങ്ങളാണ് ആദ്യം കടത്തിവിട്ടത്. തുടർന്ന് അടിവാരം ഭാഗത്തു കുടുങ്ങിയ വാഹനങ്ങളും കടത്തിവിട്ടു.
ചൊവാഴ്ച രാത്രി ഏഴോടെ 9–ാം വളവിൽ വ്യൂ പോയിന്റിനു സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണു ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചത്. ചൊവാഴ്ച അർധരാത്രിയോടെ നിർത്തിവച്ച ദൗത്യം ഇന്നലെ രാവിലെ ഏഴരയോടെയാണു പുനരാരംഭിച്ചത്. കൽപറ്റ അഗ്നിരക്ഷാസേന, വൈത്തിരി പൊലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ്, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
















