തൃപ്പൂണിത്തുറ: മകനെയും 26 നായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു. സുധീഷ് എസ്. കുമാർ എന്നയാൾ ആണ് കുട്ടിയോട് ക്രൂരത കാട്ടിയത്. നാലാം ക്ലാസുകാരന്റെ അമ്മ ജർമനിയിൽ ആണ്. ഞായറാഴ്ച ആണ് യുവാവ് നാടുവിട്ടത്. പിതാവിനെ കാണാതായതോടെ കുട്ടി വിദേശത്തു ജോലി ചെയ്യുന്ന അമ്മയെ വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി യുവതിയുടെ മാതാപിതാക്കളെ ഏൽപ്പിക്കുകയും ചെയ്തു.
3 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് (എസ്പിസിഎ) പ്രവർത്തകരും ഏറ്റെടുത്തു. 3 മാസം മുൻപാണു സുധീഷ് എസ്. കുമാർ എന്നയാൾ എരൂർ അയ്യംപിള്ളിച്ചിറ റോഡിൽ നാലാം ക്ലാസുകാരനായ മകനുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ചു സമീപവാസികളുടെ പരാതിയിൽ നഗരസഭ നോട്ടിസ് നൽകി.
രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ പരിഭ്രാന്തനായ മകൻ ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിച്ചു. തുടർന്ന് അമ്മ 112 ൽ വിളിച്ചു സഹായം അഭ്യർഥിക്കുകയായിരുന്നു. പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തി യുവതിയുടെ മാതാപിതാക്കളെ ഏൽപിച്ചു. യുവാവിനെക്കുറിച്ചു വിവരമില്ല. വിശന്നു വലഞ്ഞ നായ്ക്കളുടെ കരച്ചിൽ കേട്ട് അയൽവാസികൾ കൗൺസിലർ പി.ബി. സതീശനെ വിവരം അറിയിച്ചു. അദ്ദേഹം എസ്പിസിഎ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. 30,000 രൂപ മുതൽ 50,000 രൂപ വരെ വിലവരുന്ന നായ്ക്കളെ ഉപേക്ഷിച്ചു പോയ യുവാവിനെതിരെ പരാതി നൽകുമെന്ന് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു.
















