പറ്റ്ന: ബിഹാറിൽ അതീവ ജാഗ്രത നിർദ്ദേശം. മൂന്ന് പാകിസ്താൻ ഭീകരർ ബിഹാറിൽ എത്തിയതായി സംശയം. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരായ ആദിൽ ഹുസൈൻ, ഹസ്നൈൻ അലി, മുഹമ്മദ് ഉസ്മാൻ എന്നിവർ എത്തിയതായാണ് സംശയിക്കുന്നത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
നേപ്പാൾ അതിര്‍ത്തി വഴിയാണ് ഭീകരര്‍ ബിഹാറിലേക്ക് നുഴഞ്ഞുകയറിയതെന്ന് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് ഭീകരരുടെ പേരുവിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ അതിർത്തി ജില്ലകളിലേക്ക് കൈമാറിയിട്ടുണ്ട്. ആഗസ്റ്റ് രണ്ടാം വാരത്തിൽ മൂവരും കാഠ്മണ്ഡുവിൽ എത്തിയതായും മാസത്തിലെ മൂന്നാം വാരത്തിൽ ബിഹാറിലേക്ക് കടന്നതായും ഇന്‍റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുള്ളതിനാൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്.സ്ഥിതിഗതികളെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കാനും ഫീൽഡ് വിവരങ്ങൾ ശേഖരിക്കാനും സംശയാസ്പദമായ ഏതൊരു പ്രവർത്തനത്തിനെതിരെയും ഉടനടി നടപടിയെടുക്കാനും എല്ലാ ജില്ലാ ഇന്‍റലിജൻസ് യൂണിറ്റുകൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇതൊരു ഒറ്റപ്പെട്ട കേസല്ല, കാരണം മൂന്ന് മാസം മുമ്പ്, മേയ് മാസത്തിൽ, വെറും 20 ദിവസത്തിനുള്ളിൽ 18 സംശയാസ്പദമായ വ്യക്തികൾ ബിഹാറിലേക്ക് കടന്നിരുന്നു. ഇവരിൽ ഖലിസ്ഥാനി പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നേപ്പാളുമായി ബിഹാർ 700 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.ഈ ഭാഗം ഒരു പ്രധാന നുഴഞ്ഞുകയറ്റ കേന്ദ്രമാണ്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന സുപോള്‍ ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളും 24 മണിക്കൂറും നിരീക്ഷണത്തിലാണ്. കിഷൻഗഞ്ച് ജില്ലയിൽ നിന്ന് ബംഗ്ലാദേശ് അതിർത്തി വെറും 20 കിലോമീറ്റർ മാത്രം അകലെയാണെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
















