തിരുവനന്തപുരം: രാഹുലിനെതിരെ പരാതി റജിസ്റ്റർ ചെയ്തിട്ടില്ല എഫ്ഐആർ ഇട്ടിട്ടില്ല, ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല ഈ സാഹചര്യത്തിൽ സർക്കാർ എങ്ങനെ കേസ് എടുക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് അദ്ദേഹം പറഞ്ഞു.
കേസിനെ രാഹുൽ നിയമപരമായി നേരിടും എന്നാണ് കരുതുന്നത്. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.‘‘രാഹുൽ നിയമപരമായ വശങ്ങൾ നോക്കി കേസിനെ നേരിടും എന്നാണ് കരുതുന്നത്. കള്ളകേസ് ആരെടുത്താലും, ഒരു പരാതിയില്ലാതെ, തെളിവില്ലാതെ, ആർക്കെതിരെ കേസെടുത്താലും കോടതിയിൽ നിലനിൽക്കില്ല. നിയമപോരാട്ടത്തിലൂടെ ആ ആൾ നീതി ലഭ്യമാക്കാൻ ശ്രമിക്കും. രാഹുലിനെതിരെ പരാതി റജിസ്റ്റർ ചെയ്തിട്ടില്ല. എഫ്ഐആർ ഇട്ടിട്ടില്ല. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. ആ സാഹചര്യത്തിൽ സർക്കാർ എങ്ങനെ കേസെടുക്കും? നിയമപരമായി നിലനിൽക്കില്ല. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കോടതിയിൽ ചെല്ലുമ്പോൾ തള്ളിപോകുന്ന പല കേസുകളും നമ്മുടെ മുന്നിലുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്’’– കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് ഇന്നലെ കേസെടുത്തിരുന്നു. ഡിജിപിയുടെ നിർദേശത്തെ തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു നടപടി. പിന്തുടർന്ന് ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, അശ്ലീല സന്ദേശമയയ്ക്കൽ എന്നിവയ്ക്കാണു കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിന് നേരിട്ടെടുക്കാവുന്ന കേസുകളുടെ വിഭാഗത്തിലാണെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണിത്. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണച്ചുമതല.
















