തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെ ഉള്‍പ്പെടുത്തും. ടീം അംഗങ്ങളെ 2 ദിവസത്തിനുള്ളിൽ തീരുമാനിക്കും. ആദ്യഘട്ടത്തിൽ 3 പേരുടെ മൊഴിയെടുക്കാനാണ് തീരുമാനം. റിനി ജോര്‍ജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കും.
രാഹുലിനെതിരെ വാട്സാപ്പ്, ടെലിഗ്രാം ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പുറത്ത് വന്നത്. ഇതിൽ വിശദപരിശോധനക്കാണ് സൈബർ വിദഗ്ധരുടെ സംഘത്തെ ഉൾപ്പെടുത്തിയത്. അവന്തിക, റിനി ജോർജ്, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴിയാവും ക്രൈംബ്രാഞ്ച് എടുക്കും. ഇവർ കേസ് നൽകാൻ തയാറായാൽ തുടർ നടപടികൾ ക്രൈംബ്രാഞ്ച് സ്വീകരിക്കും. കേസ് നൽകാൻ ഇവർ തയാറായില്ലെങ്കിൽ എന്താവും തുടർ നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടില്ല. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പൊതുപ്രവർത്തകർ ഉൾപ്പടെ ഡി.ജി.പിക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
നേരത്തെ പല രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നുവെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചില്ലെന്നാണ് എം.എൽ.എ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാൻ കോൺഗ്രസ് പറഞ്ഞ വാദം.
രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കാൻ പൊലീസ് മേധാവി നിർദേശം നൽകിയത്.
















