ചായയോ കാപ്പിക്കോ പകരം നിങ്ങളുടെ ദിവസം ആരംഭിക്കാൻ ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ. ഈ പാനീയത്തിൽ കഫീൻ, എൽ-തിയനൈൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഊർജം നൽകാൻ സഹായിക്കുന്നവയാണ്. രാവിലെ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനും മാനസിക ആരോഗ്യത്തിനും സഹായിക്കും. ഊർജം സ്ഥിരമായി നിലനിർത്തുന്നതിനൊപ്പം ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു.
ഫിറ്റ്നസ് പ്രേമികൾക്ക്, വ്യായാമത്തിന് മുമ്പുള്ള പാനീയമായും ഗ്രീൻ ടീ ഉപയോഗിക്കാം. വ്യായാമത്തിന് 30-45 മിനിറ്റ് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് കൊഴുപ്പ് എരിച്ചു കളയുന്നത് വർധിപ്പിക്കാനും വ്യായാമ സമയത്തുടനീളം ഊർജം നിലനിർത്താനും സഹായിക്കും. പഞ്ചസാര അടങ്ങിയ എനർജി ഡ്രിങ്കുകളിൽ നിന്ന് വ്യത്യസ്തമായി, ഗ്രീൻ ടീ രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർധനവ് ഒഴിവാക്കുന്നു.
ഉച്ചഭക്ഷണത്തിനു ശേഷം ഒരു കപ്പ് കാപ്പി കുടിക്കുന്നതിനുപകരം, ഗ്രീൻ ടീ കുടിക്കുന്നത് മനസിനെ ശാന്തമാക്കും. എൽ-തിനൈൻ അടങ്ങിയതിനാൽ, ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ദീർഘനേരം ജോലി ചെയ്യുന്ന ആളുകൾക്ക് മികച്ചൊരു തിരഞ്ഞെടുപ്പാണ്.കഫീൻ അടങ്ങിയിരിക്കുന്നുവെങ്കിലും, ബുദ്ധിപൂർവ്വം തിരഞ്ഞെടുത്താൽ ഗ്രീൻ ടീ രാത്രിയിലും ആസ്വദിക്കാം. ചുരുക്കി പറഞ്ഞാൽ ഗ്രീൻ ടീ കുടിക്കുന്നതിന് ഏറ്റവും നല്ല സമയം എന്നൊന്നില്ല. നിങ്ങളുടെ ദിനചര്യ, വ്യക്തിപരമായ മുൻഗണന എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
















