നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ, ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു.
ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി. ഈ അവസ്ഥ മൈട്രൽ റിഗർജിറ്റേഷൻ (Mitral Regurgitation) എന്നറിയപ്പെടുന്നു. രോഗിയുടെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളും കാരണം ഓപ്പൺ ഹാർട്ട് സർജറി നടത്തുന്നത് അതീവ അപകടകരമായിരുന്നു.
ഈ സാഹചര്യത്തിലാണ്, സീനിയർ കാർഡിയോളജിസ്റ്റ് കൺസൾട്ടന്റ് ഡോ. ഹർഷ ജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം മിട്രാക്ലിപ്പ് ചികിത്സാരീതി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. സർജറി ഇല്ലാതെ, തുടയിലെ ചെറിയ മുറിവിലൂടെ ഒരു കത്തീറ്റർ കടത്തിവിട്ട് മൈട്രൽ വാൽവിലെ ചോർച്ച ഇല്ലാതാക്കുന്ന ഈ നൂതന ചികിത്സാ രീതി രോഗിക്ക് പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സഹായിച്ചു.
“ജീവനും ജീവിതവും തിരികെ നൽകാൻ ആധുനിക ഹൃദയ ചികിത്സാ രീതികൾക്ക് എങ്ങനെ കഴിയുമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഈ കേസ്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് പ്രയാസമുള്ളതും, ഗുരുതരമായ മിട്രൽ വാൽവ് തകരാറുകൾ ഉള്ളതുമായ രോഗികൾക്ക് മിട്രാക്ലിപ്പ് (MitraClip) സുരക്ഷിതവും ഫലപ്രദവുമായ ഒരു ചികിത്സാ മാർഗമാണ്. ശസ്ത്രക്രിയക്ക് ശേഷം ശ്വാസംമുട്ടില്ലാതെ, സുഖമായി ഉറങ്ങാനും, സംസാരിക്കാനും, പൂർണ്ണമായ ആരോഗ്യം വീണ്ടെടുക്കാനും രോഗിക്ക് സാധിച്ചത് ഞങ്ങളുടെ ടീമിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്” ഡോ. ഹർഷ പറഞ്ഞു.
കേരളത്തിലെ ചുരുക്കം ചില ആശുപത്രികളിൽ മാത്രം ലഭ്യമായ ഈ ചികിത്സാ വിജയം, അഡ്വാൻസ്ഡ് കാർഡിയാക് ചികിത്സാ രംഗത്ത് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഭാവിയിൽ കൂടുതൽ രോഗികൾക്ക് ഈ ചികിത്സയുടെ പ്രയോജനം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നത്.
CONTENT HIGH LIGHTS; Revolution in the field of cardiac treatment; Angamaly Apollo Adlux Hospital gives new life to 80-year-old man
















