വർഷങ്ങൾ പഴക്കമുള്ള ഒരു ഹോട്ടൽ, ഏകദേശം 80 വർഷത്തിന് മുകളിൽ പഴക്കമുള്ള ഒരു ഹോട്ടൽ. 1113ലാണ് ഈ കെട്ടിടം പണിതത്. ഇന്നിപ്പോൾ കേരളാണ്ട് 1200 ആയി. അപ്പോൾ 87 വർഷത്തോളം പഴക്കം. ഷിജി ഏട്ടനാണ് ഇപ്പോൾ ശൈലജ ഹോട്ടലിന്റെ നടത്തിപ്പുകാരൻ. ഷിജി ഏട്ടന്റെ മുത്തശ്ശൻ തുടങ്ങിയ ഹോട്ടൽ ആണിത്. മുന്നേ ചായ ഉണ്ടായിരുന്നെങ്കിലും നിലവിൽ ഊണ് മാത്രമേയുള്ളൂ. ഒരു പഴയ വീടിന്റെ രൂപത്തിലാണ് കെട്ടിടം, പണ്ടത്തെ ആ പഴമ നിലനിർത്തികൊണ്ട് തന്നെയാണ് ഇന്നും ഹോട്ടൽ ഉള്ളത്.
തുടങ്ങിയ കാലത്ത് കാൽ അണയ്ക്ക് ആയിരുന്നു ഊണ് കൊടുത്തിരുന്നത്. ഷാജി ഏട്ടൻ ഇത് കേട്ടറിവാണ്. ഊണിന് സാമ്പാർ പുളിശ്ശേരി, മോര്, രസം, ഇത്രയുമാണ്. ഇനി ഇവ കൂടാതെ തോരൻ, അവിയൽ, തീയൽ, മത്തങ്ങാ എരിശ്ശേരി, പയറും പരിപ്പും കൂട്ട് കറി ഇവയെല്ലാം ഓരോ ദിവസവും മാറി മാറി ഉണ്ടാകും. നോൺ വെജ് വെറൈറ്റികൾ ഒന്നും തന്നെയില്ല. മുട്ട ഓംലെറ്റ് മാത്രം ഉണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ ആണ് ഊണ് തുടങ്ങുന്നത്. ഏകദേശം 4 മണി വരെ ഉണ്ടാകും. ചെറിയ ഒരു അന്തരീക്ഷത്തിൽ ഇരുന്ന് നല്ല ഊണ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഒരു സ്പോട്ട് ആണിത്.
12.30 ആകുമ്പോൾ ചോറ് വിളമ്പാൻ തുടങ്ങും, പ്ളേറ്റ് വെച്ച് ചോറ് വിളമ്പി നല്ല സാമ്പാറും പപ്പടം, ചമ്മന്തി, പുളിശ്ശേരി, അച്ചാർ, തോരൻ, എരിശ്ശേരിഇത്രയുമാണ്. എരിശ്ശേരി ഇല്ലാത്ത ദിവസം അവിയൽ ആയിരിക്കും. കൂടെ പച്ചമോരും ഉണ്ടാകും. നല്ല തേങ്ങ ചമ്മന്തിയാണ്, നല്ല പച്ചമാങ്ങയുടെയെല്ലാം സ്വാദുള്ള നല്ല കിടിലൻ ചമ്മന്തി. അച്ചാർ എന്നും രാവിലെ ഉണ്ടാക്കുന്നതാണ്. വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ ഒരു സിംപിൾ വീട്ടിലെ ഊണ് കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ പാലായിൽ നിന്ന് വളരെ അകലെയല്ലാതെ ചോനാടത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഹോട്ടൽ ഷൈലജയിൽ വരാവുന്നതാണ്. ഞായർ അവധിയാണ്.
ഇനങ്ങളുടെ വില
1. ഭക്ഷണം: 70 രൂപ
2. ഓംലെറ്റ്: 20 രൂപ
വിലാസം: ഹോട്ടൽ ഷൈലജ, പാലാ, കോട്ടയം
ഫോൺ നമ്പർ: 9188534150
















