അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ പാത്രം കഴുകുക എന്നത് അത്ര സുഖമുള്ള പരിപാടിയല്ല. അതും ഒത്തിരി പാത്രങ്ങൾ കഴുകാനുണ്ടെങ്കിൽ പിന്നെ പറയേണ്ട. അടുക്കളയിലെ ഏറ്റവും ബോറൻ പരിപാടിയാണിതെന്നാണ് പലരും പറയുന്നത്. പല പാത്രങ്ങളും എത്ര കഴുകിയാലും വൃത്തിയാകില്ല. അതിലെ അഴുക്കും കറകളും പറ്റിപ്പിടിച്ചിരിക്കും. ഡിഷ് വാഷർ ഒക്കെ ഉപയോഗിച്ചാലും ഇവ അത്ര പെട്ടെന്ന് പോകില്ല.
കറ കളയാനായി എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ലെങ്കിൽ ഇതാ ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.
വിനാഗിരിയും ഉപ്പും – പാത്രങ്ങളിലെ മഞ്ഞക്കറ കളയാൻ സഹായിക്കുന്ന ഒന്നാണ് വിനാഗിരി. ഒരു പാത്രത്തിൽ ഒരു കപ്പ് വിനാഗിരിയും അര കപ്പ് ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. തുടർന്ന് കഴുകാനുള്ള പാത്രങ്ങൾ ഈ മിശ്രിതത്തിൽ മുക്കിവയ്ക്കാം. അര മണിക്കൂർ അങ്ങനെ വെച്ചിരിക്കണം. ശേഷം തണുത്ത വെള്ളത്തിൽ കഴുകിയെടുക്കാം. പിന്നീട് ആ പാത്രം നന്നായി തുടച്ച് ഉണക്കാൻ മറക്കരുത്.
ബേക്കിംഗ് സോഡ – ഒരു കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ മിക്സ് ചെയ്യുക. ശേഷം ഇത് കറപിടിച്ച ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അങ്ങനെ അരമണിക്കൂർ വയ്ക്കണം. തുടർന്ന് നല്ല വെള്ളത്തിൽ കഴുകിയെടുക്കാം.
നാരങ്ങാ നീര് – അൽപം വെള്ളത്തിൽ രണ്ട് ടേബിൾ സ്‌പൂൺ നാരങ്ങ നീര് ചേർക്കുക. ഇതിൽ പാത്രങ്ങൾ മുക്കിവയ്ക്കുക. അരമണിക്കൂർ ഇങ്ങനെ വെച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കാം.
ചൂട് വെള്ളം – തിളപ്പിച്ച വെള്ളത്തിൽ കറപിടിച്ച പാത്രങ്ങൾ അരമണിക്കൂർ മുക്കിവയ്ക്കുക. ശേഷം ഡിഷ് സോപ്പ് ഉപയോഗിച്ച് കഴുകുക. കഴുകിയതിന് ശേഷം പാത്രങ്ങൾ നന്നായി ഉണക്കാൻ മറക്കരുത്.
















