ചെന്നൈ: ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ടിവികെ നേതാവും നടനുമായ വിജയ് പങ്കെടുത്തേക്കും. കോണ്‍ഗ്രസുമായി അടുക്കാനും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനും വിജയ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബിജെപിക്കും ഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട വിജയ് വോട്ടുകൊള്ളയ്‌ക്കെതിരേ രാഹുല്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 17-ന് ആരംഭിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ, കലാ, സാംസ്‌കാരിക മേഖലകളിലുള്ളവരെയും പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. യാത്രയില്‍ വിജയ് പങ്കെടുക്കുന്നത് ഭാവിയില്‍ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതിന് സഹായകമാവുമെന്നാണ് ടിവികെ നേതൃത്വം കരുതുന്നത്. ബുധനാഴ്ചയാണ് സ്റ്റാലിന്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെയും ചെറുകക്ഷികളെയും ചേര്‍ത്ത് മൂന്നാം മുന്നണിയുണ്ടാക്കാന്‍ ടിവികെ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. പ്രേമലതാ വിജയകാന്തിന്റെ ഡിഎംഡികെയെയും എസ്. രാംദാസിന്റെ പിഎംകെയെയുമാണ് ടിവികെ ലക്ഷ്യംവെക്കുന്നത്.ഡിഎംകെയില്‍നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ഇത് മുതലെടുക്കാനാണ് ടിവികെയുടെ നീക്കം. എന്നാല്‍, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി വളരെനല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന കോണ്‍ഗ്രസ് ദേശീയനേതൃത്വം മുന്നണിമാറ്റത്തിന് സമ്മതം നല്‍കാനിടയില്ല. ഡിഎംകെ മുന്നണി ഭദ്രമാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
















