ദുബൈയിൽ എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കായി മത്സരം സംഘടിപ്പിക്കുന്നു. ദുബൈ ഗവൺമെന്റ് മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന വൺ ബില്യൻ ഫോളോവേഴ്സ് സമ്മിറ്റിന്റെ നാലാമത് എഡിഷന്റെ ഭാഗമായി ഗൂഗ്ൾ ജെമിനിയുമായി കൈകോർത്താണ് എ.ഐ ഫിലിം നിർമാണ മത്സരം ഒരുക്കുന്നത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 10 ലക്ഷം ഡോളറാണ് സമ്മാനം.
ലോകത്ത് എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കായി നടത്തുന്ന ഏറ്റവും വലിയ സമ്മാനത്തുകയുള്ള മത്സരമാണിത്. വൺ ബില്യൻ ഫോളവേഴ്സ് സമ്മിറ്റിന്റെ വേദിയിൽ വെച്ചായിരിക്കും ജേതാക്കളെ പ്രഖ്യാപിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന എൻട്രികളിൽനിന്ന് പട്ടികയിൽ ഇടം പിടിക്കുന്ന 10 സിനിമകൾ വൺ ബില്യൺ ഫോളവേഴ്സ് സമ്മിറ്റിന്റെ വേദിയിൽ പ്രദർശിപ്പിക്കും.
സിനിമകൾ സമൂഹത്തിന് പകർന്നു നൽകേണ്ട മാനുഷികമായ സന്ദേശങ്ങളുടെ അവബോധം വർധിപ്പിക്കുക, സർഗാത്മകമായ കഴിവുകൾ, സൗന്ദര്യാത്മക കാഴ്ചപ്പാടുകൾ എന്നിവ എ.ഐ ചലച്ചിത്ര നിർമാണത്തിൽ സംയോജിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം.
STORY HIGHLIGHT: ai filmmaking competition in dubai
















