എഐ ഇമേജ് എഡിറ്റിങിൽ ചാറ്റ്‌ജിപിടിയുടെ ടൂളായ ഗിബ്ലിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇപ്പോഴിതാ പുതിയ ഇമേജ് എഡിറ്റിങ് മോഡലുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്‍റെ ജെമിനൈയും. ‘ഗൂഗിൾ ജെമിനൈ 2.5 ഫ്ലാഷ് ഇമേജ്’ എന്ന പേരിലാണ് പുതിയ മോഡൽ പുറത്തിറക്കിയത്.
ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും നൂതനമായ എഐ ഇമേജ് ജനറേഷൻ മോഡൽ ഇമേജുകൾ സൃഷ്‌ടിക്കുകയും എഡിറ്റ് ചെയ്യുകയും മുമ്പത്തേക്കാളും വേഗത്തിൽ ഫലങ്ങൾ നൽകുകയും ചെയ്യും. പുതിയ മോഡലിനെ കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിലൂടെ പങ്കിട്ടിട്ടുണ്ട്.
തുടർച്ചയായി എഐ ഇമേജുകളും വീഡിയോകളും നിർമിക്കുന്നവർക്ക് ജെമിനി 2.5 ഫ്ലാഷ് ഇമേജ് മോഡലിന്‍റെ മേന്മ മനസിലാവുമെന്നാണ് ഗൂഗിൾ പറയുന്നത്. പുതിയ ഇമേജ് ജനറേഷൻ ടൂൾ ജനറേറ്റഡ് ഇമേജിന്‍റെ സ്ഥിരത നിലനിർത്താൻ പ്രാപ്‌തമാണ്. ഇതിനർത്ഥം ഉപയോക്താക്കൾക്ക് ഈ ടൂൾ വഴി വളരെ സ്ഥിരതയുള്ള ചിത്രങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ്.
നാനോ ബനാന മോഡൽ: ഇതിലെ വളരെ രസകരമായ കാര്യമെന്തെന്നാൽ, ഈ മോഡൽ ‘നാനോ ബനാന’ എന്ന പേരിൽ സ്റ്റെൽത്ത് മോഡിൽ പരീക്ഷിച്ചിരുന്നു. ഈ എഐ മോഡൽ റാങ്കിങ് സൈറ്റായ LMArenaയിൽ വളരെ ജനപ്രിയമായിത്തീർന്നെങ്കിലും, ഗൂഗിൾ പ്രൊജക്‌റ്റാണ് ഇതെന്ന് ആളുകൾക്ക് അറിയില്ലായിരുന്നു. നാനോ ബനാന യഥാർത്ഥത്തിൽ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ആണെന്ന് ഗൂഗിൾ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
ജെമിനി 2.5 ഫ്ലാഷ് ഇമേജ്: സവിശേഷതകൾ
മികച്ച എഡിറ്റിങ് ഫീച്ചറുകൾ: ജെമിനൈയുടെ പുതിയ ഫീച്ചറിന് മുൻപ്, ഒരു ഫോട്ടോ എഡിറ്റ് ചെയ്യുമ്പോൾ അത് കഥാപാത്രത്തിന്‍റെ സ്ഥിരതയെ ബാധിക്കുമായിരുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തിയുടെ ടീ-ഷർട്ട്, തൊപ്പി അല്ലെങ്കിൽ പാന്‍റ്സ് എന്നിവയുടെ നിറം മാറ്റാൻ നിങ്ങൾ ജെമിനി ഉപയോഗിച്ചാൽ, ആ വ്യക്തിയുടെ മുഴുവൻ മുഖവും മാറും. ഗൂഗിൾ പറയുന്നതനുസരിച്ച്, പുതിയ എഐ ഇമേജ് മോഡലിൽ ഇത് സംഭവിക്കില്ല. എഐ മനുഷ്യന്‍റെ ഐഡന്‍റിറ്റിയിലും ശ്രദ്ധ ചെലുത്തുന്നുവെന്ന് വേണം മനസിലാക്കാൻ.
ഇമേജ് ബ്ലെൻഡിങ് ഫീച്ചർ: രണ്ട് വ്യത്യസ്‌ത ഫോട്ടോകൾ ഒരു ഫോട്ടോയിലേക്ക് മിക്‌സ് ചെയ്യാൻ സാധിക്കുന്നതാണ് ഈ ഫീച്ചർ. ദാഹരണത്തിന്, ഒരു ഫോട്ടോയിൽ കടലും മറ്റൊന്നിൽ ഒരു പർവതവും ഉണ്ടെങ്കിൽ, പ്രോംപ്‌റ്റ് നൽകിക്കൊണ്ട് വ്യത്യസ്‌ത ചിത്രങ്ങൾ സംയോജിപ്പിച്ച് നിങ്ങൾക്ക് ആവശ്യമായ രീതിയിലേക്ക് മാറ്റാൻ സാധിക്കും.
മൾട്ടി-ടേൺ എഡിറ്റിങ്: എന്തെങ്കിലും പ്രോംപ്റ്റ് നൽകിയിട്ട് ഗൂഗിളിന്‍റെ ഈ ഇമേജ് ജനറേഷൻ ടൂളിന് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ചിത്രം സൃഷ്‌ടിക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് വേണ്ട രീതിയിൽ ലഭിക്കുന്നത് വരെ ആവർത്തിച്ചാവർത്തിച്ച് മാറ്റാൻ കഴിയും. പല ഉപയോക്താക്കൾക്കും ആവശ്യമുള്ള ഒരു പ്രധാന സവിശേഷതയാണിത്.
വിലയും ലഭ്യതയും: ജെമിനൈ 2.5 ഫ്ലാഷ് ഇമേജ് ജെമിനി ആപ്പിൽ ലഭ്യമാണ്. ഡെവലപ്പർമാർക്ക് ജെമിനി എപിഐ, ഗൂഗിൾ എഐ സ്റ്റുഡിയോ, വെർട്ടെക്‌സ് എഐ എന്നിവയിൽ ഇത് ഉപയോഗിക്കാം. ഗൂഗിളിന്‍റെ ഈ ഇമേജ് മോഡലിൽ നിന്ന് ഒരു ഇമേജ് നിർമ്മിക്കാൻ ഏകദേശം 3.50 രൂപ ചെലവഴിക്കേണ്ടിവരും.
















