കണ്ണൂർ: വിമാനത്താവളത്തിൽ അച്ഛനമ്മമാരെ പ്രതീക്ഷിച്ചെത്തിയ ഷിബിൻ കേട്ടത് പ്രേമരാജനും ഭാര്യ ശ്രീലേഖയും പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയാണ്. ബഹ്‌റൈനിലായിരുന്ന മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസം തന്നെയാണ് വയോധിക ദമ്പതിമാരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയൽവാസി സരോഷ്, വൈകിട്ട് അഞ്ചുമണിയോടെ പ്രേമരാജന്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കുകയോ ഫോണെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് സമീപവാസികളെക്കൂട്ടി പോലീസിൽ വിവരമറിയിച്ചത്. പോലീസ് നിർദേശിച്ചതനുസരിച്ച് വാതിൽ തുറന്നപ്പോഴാണ് കിടപ്പുമുറിയിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടത്.
വളപട്ടണം പൊലീസെത്തി പരിശോധിച്ചപ്പോൾ ശ്രീലേഖയുടെ തലയ്ക്ക് അടിയേറ്റ പാടുകൾ കണ്ടെത്തി. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. മുറിയിൽ മണ്ണെണ്ണ ഗന്ധമുണ്ടായിരുന്നു. കിടക്കയിൽ ചുറ്റികകൂടി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം മറ്റൊരു വഴിയിലേക്കു നീങ്ങിയത്.
വ്യാഴാഴ്ച രാവിലെ മുതൽ ഇരുവരെയും ഫോണിൽ കിട്ടിയിരുന്നില്ലെന്ന് അയൽവാസി സവാദ് പറഞ്ഞു. വിളിച്ച് കിട്ടാതായതോടെ വൈകിട്ട് മരുമകൾ വിഞ്ജു തന്റെ സഹോദരിയെ വിളിച്ചതുപ്രകാരം പോയിനോക്കുമ്പോഴാണ് മറ്റുള്ളവർ വീടുതുറക്കുന്നത് കണ്ടത്. രാത്രി വൈകിയിട്ടും പതിവില്ലാതെ വീട്ടിൽ വെളിച്ചം കണ്ടിരുന്നുവെന്നും സവാദ് പറഞ്ഞു.
ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അന്തിമതീരുമാനത്തിൽ എത്താനാകൂവെന്ന് പൊലീസ് പറഞ്ഞു ഓസ്ട്രേലിയയിലുള്ള മൂത്തമകൻ പ്രിബിത്ത് നാളെ നാട്ടിലെത്തിയ ശേഷമാണ് സംസ്കാരം. പുലർച്ചെയോടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
















