ട്രംപ് പ്രഖ്യാപിച്ച 25ശതമാനം തീരുവ പിൻവലിച്ചതിന് ശേഷം മാത്രമേ വ്യാപാരകരാറിൽ അമേരിക്കയുമായി ചർച്ചയ്ക്ക് ഉള്ളെന്ന് നിലപാടെടുത്ത് ഇന്ത്യ. വാണിജ്യ- വ്യവസായ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഈക്കാര്യം വെളിപ്പെടുത്തിയതായി ഒരുദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു
കഴിഞ്ഞ ഓഗസ്റ്റ് 25-ന് വ്യാപാരകരാറിൽ ചർച്ചകൾക്കായി അമേരിക്കയിൽ നിന്നൊരു സംഘം ഇന്ത്യയിൽ എത്തേണ്ടതായിരുന്നു. എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ട്രംപ് നിലപാട് കടുപ്പിച്ചതോടെ ഈ ചർച്ചകൾ വഴിമുട്ടി. 25 ശതമാനം പരസ്പര തീരൂവകൾക്ക് പുറമേ 25 ശതമാനം അധിക തീരൂവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, നമ്മൾ ഒരു വ്യാപാര കരാർ ഉണ്ടാക്കുകയും അധിക താരിഫുകൾ നിലനിൽക്കുകയും ചെയ്താൽ, അത് നമ്മുടെ കയറ്റുമതിക്ക് ഗുണകരമാവില്ലെന്ന് നിലപാടിലാണ് ഇന്ത്യ. തീരുവകൾ യുഎസിലേക്കുള്ള കയറ്റുമതിക്കാരെ ബാധിക്കുന്ന സാഹചര്യത്തിൽ, വ്യവസായം നേരിടുന്ന ഹ്രസ്വകാല പണലഭ്യത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ വാണിജ്യ വ്യവസായ മന്ത്രാലയം വിലയിരുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തു.
















