ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെ 179 ജില്ലകളിലുമായി 87,474 സജീവ ഉരുള്‍പൊട്ടല്‍ മേഖലകളുണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഏകദേശം 13 ശതമാനത്തോളം ഉരുള്‍പൊട്ടല്‍, അല്ലെങ്കില്‍ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുണ്ടെന്ന് ജിഎസ്ഐ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ 1395 മണ്ണിടിച്ചില്‍ മേഖലകള്‍ സ്ഥിതി ചെയ്യുന്നതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചില്‍ നിരവധി പേര്‍ക്ക് ജീവൻ നഷ്‌ടപ്പെടുകയും വലിയ തോതില്‍ നാശനഷ്‌ടം സംഭവിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുതിയ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 705 പേര്‍ ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ മൂലം മരണപ്പെട്ടുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ ശകതമായ മഴയും മണ്ണിടിച്ചിലും കാരണം കേരളത്തില്‍ വ്യാപക നാശനഷ്‌ടം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ മേഖലകളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടത് ഏറെ അനിവാര്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയിലാകെ ഏകദേശം 4.2 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ് ഈ അപകട സാധ്യതാ മേഖലകൾ വ്യാപിച്ചു കിടക്കുന്നത്. 26,213 മണ്ണിടിച്ചിൽ സാധ്യത മേഖലകളുമായി അരുണാചൽ പ്രദേശ് ആണ് ഒന്നാമതായി നില്‍ക്കുന്നത്, 17,102 മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളുമായി ഹിമാചൽ പ്രദേശ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. 14,780 മേഖലകളുള്ള ഉത്തരാഖണ്ഡ് മൂന്നാം സ്ഥാനത്താണ്.
ഹിമാലയൻ സംസ്ഥാനങ്ങൾ തുടരെയുള്ള പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നതിനാൽ ഈ കണ്ടെത്തലുകൾ നിർണായകമാണെന്ന് സര്‍വേ ഉദ്യോഗസ്ഥര്‍ വ്യക്താമാക്കി. മണ്ണിടിച്ചിലും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ജനങ്ങളുടെ ജീവിതവും ഉപജീവനമാർഗത്തെയും സാരമായി ബാധിക്കുന്നു. “ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തെ മുഴവന്‍ മണ്ണിനടിയിലാക്കിയത് അത്തരമൊരു മണ്ണടിച്ചിലായിരുന്നു. ഉത്തരാഖണ്ഡിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ പ്രദേശത്തിൻ്റെ 22 ശതമാനവും മണ്ണിടിച്ചിൽ സാധ്യതയുള്ളതായി തരംതിരിച്ചിരിക്കുന്നു.
ഇവിടത്തെ മലയോര പ്രദേശങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ട്. ഓരോ മഴക്കാലത്തും പുതിയ ദുർബല പ്രദേശങ്ങൾ കൂടി ചേരുമ്പോൾ പ്രശ്‌നം രൂക്ഷമാകും, ഇതിന് അടിയന്തര പരിഹാരം ആവശ്യമാണ്” വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.
മണ്ണിടിച്ചില്‍ ഭീഷണികള്‍ നേരിട്ടതിനെ തുടര്‍ന്ന് 39,009 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ ഉത്തരാഖണ്ഡില്‍ വിശദമായ ഭൂമിശാസ്‌ത്ര സര്‍വേ നടത്തി. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് മുഴുവനായി 14,780 സജീവമായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചിൽ മേഖലകള്‍ ഉണ്ടെന്ന് കണ്ടെത്തി.
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ പ്രശ്‌നം ഗൗരവായി എടുക്കണമെന്ന് ജിഎസ്ഐ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഓരോ മൺസൂൺ സീസണിലും ശരാശരി 80 മുതൽ 100 വരെ പുതിയ മണ്ണിടിച്ചിൽ മേഖലകൾ കണ്ടെത്തുന്നുണ്ട്. ചില പഴയ സ്ഥലങ്ങൾ കാലക്രമേണ സജീവമാകാതെ വന്നേക്കാം, പക്ഷേ പെട്ടെന്ന് വീണ്ടും സജീവമാകാനുള്ള സാധ്യതയുള്ളതിനാൽ അവ ഇപ്പോഴും പ്രവചനാതീതമായ ഭീഷണികളാണെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ജിഎസ്ഐ പ്രകാരം, സംസ്ഥാനത്തെ മണ്ണിടിച്ചിൽ മേഖലകളിൽ 22 ശതമാനവും ‘അതിശക്തമായ’ മണ്ണിടിച്ചില്‍ വിഭാഗത്തിൽ ഉള്‍പെടുന്നു. ഇത് ദേശീയ ശരാശരിയായ 15 ശതമാനത്തേക്കാൾ കൂടുതലാണ്. താരതമ്യേന ഹിമാചൽപ്രദേശിൽ 26 ശതമാനവും ലഡാക്കിലും ജമ്മു കശ്‌മീരിലും യഥാക്രമം 21 ശതമാനവും കാണപ്പെടുന്നു. ഇതില്‍ 11 ശതമാനവും ഉയർന്ന സെൻസിറ്റീവ് മേഖലകളിലാണുള്ളത്.
ജിഎസ്ഐ റിപ്പോർട്ട് അനുസരിച്ച് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്, ചമോലി, ഉത്തരകാശി, തെഹ്രി ഗർവാൾ എന്നിവയാണ് ഏറ്റവും കൂടുതൽ പ്രകൃതി ക്ഷോഭങ്ങള്‍ക്ക് സാധ്യതയുള്ള ജില്ലകൾ. ഹിമാലയൻ പ്രദേശത്തെ ഏറ്റവും സെൻസിറ്റീവ് മണ്ണിടിച്ചിൽ മേഖലകളുടെ ഭൂരിഭാഗവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ മൊത്തമായി ഒമ്പത് ജില്ലകളിലായി മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
















