കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കുട്ടികൾ അടക്കം 21 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ട്രംപിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കവെ റഷ്യ നടത്തിയ ആക്രമണത്തിൽ വിവിധ ലോക രാജ്യങ്ങൾ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട് .
നയതന്ത്ര ചർച്ചകൾ നടത്തുന്നതിന് പകരം റഷ്യ മിസൈലുകൾ തിരഞ്ഞെടുത്തുവെന്ന് ഉക്രൈൻ പ്രസിഡന്‍റ് സെലൻസ്കി പ്രതികരിച്ചു. അതിനു പിന്നാലെ അമേരിക്ക, യു കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളടക്കം റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചു. സമാധാന ശ്രമങ്ങൾക്ക് പുടിൻ തടസം വയ്ക്കുകയാണെന്നാണ് യു കെ പ്രധാനമന്ത്രി കെയർ സ്റ്റാമർ കുറ്റപ്പെടുത്തി. യുകെയിലെ റഷ്യൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ സമാധാനം പുലരാൻ റഷ്യക്ക് താത്പര്യമില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്നും ഫ്രാൻസം വിമർശിച്ചു. റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉക്രൈൻ സൈന്യവും രംഗത്തെത്തിയിരുന്നു. തലസ്ഥാനമായ കീവടക്കം പതിമൂന്ന് സ്ഥലങ്ങൾ റഷ്യ ലക്ഷ്യം വെച്ചുവെന്ന് ആരോപിച്ച ഉക്രൈൻ കീവിലെ യൂറോപ്യൻ യൂണിയൻ ഡെലിഗേഷൻ ഓഫീസിനും ബ്രിട്ടീഷ് കൗൺസിൽ ഓഫീസിനും ആക്രമണത്തിൽ കേടുപാട് പറ്റിയെന്നും അറിയിച്ചു.
















