റിസര്‍വ് ബാങ്കിന്‍റെ മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി നിയമിച്ചു. നിയമനം പേഴ്‌സണല്‍ മന്ത്രാലയം അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
2016 സെപ്റ്റംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേലിനെ റിസര്‍വ് ബാങ്കിന്‍റെ 24മ ത് ഗവര്‍ണറായി നിയമിച്ചത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജി വച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു രാജി. 2018 ഡിസംബര്‍ പത്തിനായിരുന്നു അദ്ദേഹത്തന്‍റെ പദവി അവസാനിച്ചത്
സാമ്പത്തിക വിദഗ്ദ്ധനും ആര്‍ ബിഐയുടെ മുന്‍ ഗവര്‍ണറുമായ പട്ടേലിന്‍റെ നിയമനം മന്ത്രിസഭ സമിതി അംഗീകരിച്ചു. 1990ന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജി വയ്ക്കുന്ന ആദ്യ ഗവര്‍ണറാണ് ഊര്‍ജിത് പട്ടേല്‍. നേരത്തെയും ഇദ്ദേഹം രാജ്യാന്തര നാണ്യ നിധിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read: താരിഫ് പരിഷ്‌കരണത്തിനിടയിലും തളരാതെ ഇന്ത്യ; നേട്ടത്തിൽ അമേരിക്ക, വരും വർഷങ്ങളിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളുമെന്ന് റിപ്പോർട്ട്
1996-97ല്‍ ഐഎംഎഫില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം റിസര്‍വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ആയി പ്രവര്‍ത്തിച്ചത്. കടവിപണി, ബാങ്കിങ് മേഖല പരിഷ്‌ക്കരണം, പെന്‍ഷന്‍ ഫണ്ട് പരിഷ്‌ക്കരണം, വിദേശ നാണ്യ വിപണി പരിണാമം തുടങ്ങിയവയില്‍ വിവിധ ഉപദേശങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു.
1998 മുതല്‍ 2001 വരെ അദ്ദേഹം ധനകാര്യമന്ത്രാലയത്തിന്‍റെ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിച്ചിരുന്നു. പൊതു-സ്വകാര്യമേഖലകളില്‍ മറ്റ് പല ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
1998 – 2001 വരെ ധനകാര്യമന്ത്രാലയത്തിന്‍റെ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിച്ചു. സാമ്പത്തിക മേഖലകളില്‍ ഈ കാലയളവില്‍ വിവിധ പരിഷ്ക്കാരങ്ങള്‍ അദ്ദേഹം കൊണ്ടു വന്നു. പല ഉന്നതതല സമിതികളിലും അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രത്യക്ഷ നികുതി സംബന്ധിച്ച കേല്‍ക്കര്‍ സമിതി, സിവില്‍ -പ്രതിരോധ പരിഷ്‌ക്കരണ സമിതി, സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ മന്ത്രാലയത്തിന്‍റെ പവര്‍ എക്‌സ്‌പര്‍ട്ട് സംഘം, അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ കര്‍മ്മസേന, ടെലികോം മന്ത്രിമാരുടെ സംഘം, വ്യോമയാന പരിഷ്‌കരണ സമിതി, തുടങ്ങിയവയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ഐഡിഎഫ്‌സി ലിമിറ്റഡ്, എംസിഎക്‌സ് ലിമിറ്റഡ്, ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു.
യേല്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ് നേടിയ അദ്ദേഹം അതിന് മുമ്പ് ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് എംഫിലും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിഎസ്‌സി ബിരുദവും നേടിയിരുന്നു.















