തലപ്പാടിയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കർണാടക ആർ.ടി.സി.യും കേരള മോട്ടോർ വാഹന വകുപ്പും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് പ്രധാന കാരണം. സർവീസ് റോഡിലൂടെ വരേണ്ട ബസ് ദേശീയപാതയിലൂടെ സഞ്ചരിച്ചതും വീഴ്ചയായി കണക്കാക്കപ്പെടുന്നു.
മൂന്ന് വർഷമായി ഇതേ റൂട്ടിൽ ജോലി ചെയ്യുന്ന ഡ്രൈവർ നിജലിംഗപ്പയ്ക്ക് (47) റോഡിന്‍റെ അവസ്ഥകളെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നുവെന്നും, അത് അവഗണിച്ചാണ് ഡ്രൈവ് ചെയ്തതെന്നും കർണാടക ആർ.ടി.സി.യുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബസിൻ്റെ ഫിറ്റ്നസിനെക്കുറിച്ചോ ടയറിൻ്റെ തേയ്‌മാനത്തെക്കുറിച്ചോ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടില്ല. ബ്രേക്കിന് തകരാറില്ലെന്നും അമിതവേഗതയാണ് അപകടകാരണമെന്നും പൊലീസിന് കൈമാറിയ കേരള മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ടിലുണ്ട്.
ടയറുകളുടെ തേയ്‌മാനവും അപകടത്തിന് കാരണമായെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ഉച്ചയ്ക്കുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ 6 പേരാണ് മരിച്ചത്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർ മംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.















