ഇന്ത്യയും ജപ്പാനും ഒന്നിച്ചുനിന്നാൽ ഈ നൂറ്റാണ്ടിലെ സാങ്കേതി വിപ്ലവത്തെ നയിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ സന്ദർശനവേളയിൽ ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“എഐ, സെമികണ്ടക്ടർ, ക്വാണ്ടം കംപ്യൂട്ടിങ്, ബഹിരാകാശം എന്നിവയിൽ ഇന്ത്യ ധീരമായ ചുവടുകൾ വെച്ചുകഴിഞ്ഞു. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാൻ കഴിയും.”- മോദി പറഞ്ഞു.
ഇന്ത്യയുടെ ഈ മാറ്റത്തിന് കാരണം പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നീ സമീപനങ്ങളാണ്. പ്രതിരോധ, ബഹിരാകാശ മേഖലകൾക്ക് ശേഷം ഇന്ത്യ ആണവോർജ്ജ മേഖലയിലും സ്വകാര്യ മേഖലയിലെ നിക്ഷേപം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത കൈവരിച്ച രാഷ്ട്രമാണ് ഇന്ന് ഇന്ത്യ. നയങ്ങളിലെ സൂതാര്യതയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പത്ത് വ്യവസ്ഥയാണ് ഇന്ന് ഇന്ത്യയുടേത്. ലോകം നിരീക്ഷിക്കുക മാത്രമല്ല ഇന്ത്യയെ മറിച്ച് പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശത്തിനാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. ഇവിടെ നിന്ന് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ ചർച്ചയൊന്നും നിശ്ചയിച്ചിട്ടില്ല. ബ്രിക്സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിൽ നടന്നേക്കും.
















