രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വർന്നിരുന്ന പരാതി തേച്ചുമായ്ച്ചുകളയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ആരോപണങ്ങളില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഇതേവരെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലുള്ള പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ പ്രവർത്തികൾ മനസ്സാക്ഷിയുള്ള ഒരാള്‍ക്കുപോലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നാണ്. ഞങ്ങളുടെ മുന്‍കൈയില്‍ എന്തിനാണ് ഇത്തരത്തിലുള്ള ഒരു കാര്യം തീരുമാനിക്കേണ്ടത്. അവരല്ലേ തീരുമാനിക്കേണ്ടത്. ആ തീരുമാനത്തിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് താത്പര്യമില്ലെങ്കിലും നല്ല സമ്മര്‍ദം കോണ്‍ഗ്രസില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന പരാതികള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കേട്ടതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കാനുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഷാഫി പറമ്പിലിനെതിരേ ഒരു പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടയിലേക്ക് പോകുമ്പോഴുണ്ടാകുന്ന വികാരപ്രകടനം മാത്രമേ ഉണ്ടായിട്ടുള്ളൂ. അതിനെയാണ് പര്‍വതീകരിച്ചത്. പ്രകോപനമായി കണ്ടാല്‍ മതി. അല്ലാതെ ഷാഫിയെ തടയേണ്ട കാര്യമെന്താണ്? ഗോവിന്ദന്‍ ചോദിച്ചു.
STORY HIGHLIGHT: mv govindan against congress
















