തമിഴില്‍ ഏറെ ആരാധകരുളള നടനാണ് വിശാല്‍. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നടന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിശാലിന്റെയും നടി സായ് ധന്‍ഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് താരം തന്നെ അറിയിച്ചിരിക്കുകയാണ്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സോളോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയാണ് നടി സായ് ധന്‍ഷിക. ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് തുറന്നുപറഞ്ഞത്. ധന്‍ഷികയുടെ യോഗിഡാ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇരുവരും വെളിപ്പെടുത്തിയത്.
വിശാലിന്റെ പിറന്നാള്‍ ദിവസമായ ഓഗസ്റ്റ് 29 നാണ് ഇരുവരും വിവാഹനിശ്ചയ ദിവസമായി തിരഞ്ഞെടുത്തിരിക്കുന്നത്. ‘എന്റെ ജന്മദിനത്തില്‍ ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തതിന് ഈ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.’ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. സിനിമാ സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേരുന്നത്.
















