മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയ്യപ്പശാപമെന്ന് പരിഹാസവുമായി ശോഭ സുരേന്ദ്രൻ. കവടി നിരത്തി ജ്യോത്സ്യൻ ഇക്കാര്യം പിണറായിയോട് പറഞ്ഞു. ഭാര്യ കമലയോടു പരിഹാര ക്രിയകൾ നിർദേശിച്ചിട്ടുണ്ടെന്നും പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പ സംഗമം നടത്തുന്നത് എന്നറിയില്ലെന്നും ശോഭ പറഞ്ഞു.
ഒറ്റപ്പാലത്തു ഗണേശോത്സവത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. പിണറായി മുഖ്യമന്ത്രി കസേരയിൽ നിന്നു താഴെയിറങ്ങിയാൽ മകൾക്കും മരുമകനും ജയിൽവാസം അനുഭവിക്കാൻ യോഗമുണ്ടെന്നാണു പാലക്കാട്ടു നിന്നു പോയ ജ്യോത്സ്യൻ പറഞ്ഞിട്ടുള്ളതെന്നു ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു.
ശബരിമലയിൽ യുവതീപ്രവേശനത്തിനു മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി അയ്യപ്പസംഗമം നടത്തുന്നതിനു മുൻപു ഭക്തരോടു മാപ്പു പറയണം. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ താൻ ഉൾപ്പെടെയുള്ളവർ പ്രതിയായ കേസുകൾ പിൻവലിക്കണം. സനാതനധർമം എന്തെന്ന് അറിയാത്തവരാണ് അയ്യപ്പസംഗമം നടത്തുന്നത്. നാശരഹിതമായ ഭാവമാണു സനാതന ധർമം. ഭക്തരല്ലാത്ത യുവതികളെ മല കയറ്റി അയ്യപ്പന്റെ സകല ഭാവങ്ങളെയും നശിപ്പിച്ചയാളാണു മുഖ്യമന്ത്രി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ചേർത്തു ശബരിമലയിൽ അയ്യപ്പസംഗമം നടത്തുന്നത് ആർക്കു വേണ്ടിയാണെന്നു വ്യക്തമാക്കണം. ഇതു വിശ്വാസിസമൂഹം തിരിച്ചറിയുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
















