ബ്രെഡും റവയും ബാക്കിയുണ്ടെങ്കിൽ റവ ടോസ്റ്റ് എന്ന അടിപൊളി നാലു മണി പലഹാരമുണ്ടാക്കാം. സ്കൂളിൽ നിന്ന് മടങ്ങുന്ന കുട്ടികൾക്ക് പെട്ടെന്ന് കഴിക്കാവുന്നതും ഹൃദ്യവുമായ ഒരു ലഘുഭക്ഷണമാണിത്. അവധി ആലസ്യത്തിലുള്ള ഞായറാഴ്ചകളിലും റവ ടോസ്റ്റ് നല്ല ബ്രേക്ക്ഫാസ്റ്റ് ആയിരിക്കും. റവ ടോസ്റ്റ് ഉള്ളി, തക്കാളി, ക്രീം എന്നിവ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ടോസ്റ്റാണിത്.
ചേരുവകള്‍
½ കപ്പ് റവ
4 ബ്രെഡ് കഷണങ്ങൾ
¼ ഉള്ളി നന്നായി അരിഞ്ഞത്
¼ തക്കാളി നന്നായി അരിഞ്ഞത്
1 പച്ചമുളക് നന്നായി അരിഞ്ഞത്
2 ടേബിൾസ്പൂൺ ക്രീം കുക്കിംഗ് ക്രീം/ തൈര്
¼ കപ്പ് പാൽ
2 ടേബിൾസ്പൂൺ മല്ലിയില നന്നായി അരിഞ്ഞത്
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ റവ, ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില, വിപ്പിംഗ് ക്രീം/തൈര്, ഉപ്പ് എന്നിവ ചേർക്കുക. ക്രീം ഇല്ലെങ്കിൽ കട്ടി തൈരും ഉപയോഗിക്കാം. ഈ ചേരുവകളെല്ലാം ഇളക്കി മാറ്റി വെയ്ക്കുക. ഒരു ചൂടുള്ള തവയിലോ ഫ്രൈയിംഗ് പാനിലോ, ഓരോ ബ്രെഡിനും ½ ടീസ്പൂൺ എണ്ണ ചേർക്കുക. ബ്രെഡ് തവയിൽവെച്ച ശേഷം നേരത്തെ ഉണ്ടാക്കിയ ഫില്ലിങ് ബ്രെഡിൽ ചേർക്കുക. ഉള്ളി തക്കാളി ചെറുതായി ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക. ചട്ടിയുടെയോ തവയുടെയോ കനം അനുസരിച്ച് ചൂട് മീഡിയം- സ്ലിം ആയി നിലനിർത്തുക. ഒരു ചട്ടുകം ഉപയോഗിച്ച് ബ്രെഡ് മറുവശത്ത് ടോസ്റ്റ് ചെയ്യുക. ബ്രെഡ് റോസ്റ്റ് ആയതിനു ശേഷം ആവശ്യമെങ്കിൽ ഒന്നോ രണ്ടോ തവണ മറിച്ചിട്ട് കൂടുതൽ വേവിക്കാം. ശേഷം റവ ടോസ്റ്റ് ഒരു പ്ലേറ്റിലേക്ക് മാറ്റുക. ഇങ്ങനെ ബാക്കിയുള്ള ബ്രെഡ് കഷ്ണങ്ങൾ തവയിൽ ആവശ്യത്തിന് എണ്ണ ചേർത്ത് ടോസ്റ്റ് ചെയ്യുക. റവ ടോസ്റ്റ് കഷ്ണങ്ങൾ മുറിച്ച് ചൂടോടെ തക്കാളി സോസ് അല്ലെങ്കിൽ പുതിന ചട്ണി എന്നിവയോടൊപ്പം വിളമ്പുക.
















