എന്‍.സി.സി കേരളാ-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ അഷ്ടമുടി, പുന്നമട, വേമ്പനാട് തടാകങ്ങളിലൂടെ ദേശീയ ജലപാത 3 വഴിയുള്ള സെയിലിംഗ് പര്യവേഷണം അവസാനിച്ചു. കൊല്ലം ഗ്രൂപ്പിലെ ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ ഫിര്‍ദൗസ് ദുബാഷാണ് പര്യവേഷണം ഫ്‌ലാഗ്-ഇന്‍ ചെയ്തത്. നേരിട്ട് സെയിലിംഗ് അനുഭവം, ബോട്ട് സുരക്ഷ, റിഗ്ഗിംഗ് എന്നിവയില്‍ പരിശീലനം നല്‍കുക, കായിക വിനോദത്തോടുള്ള ആദരവ് വളര്‍ത്തുക, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുക എന്നിവയാണ് സെയിലിംഗ് പര്യവേഷണത്തിന്റെ ലക്ഷ്യം.
2025 ഓഗസ്റ്റ് 21ന് നേവല്‍ യൂണിറ്റ് എന്‍.സി.സി-യുടെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഉണ്ണികൃഷ്ണന്‍, ലെഫ്റ്റനന്റ് കമാന്‍ഡര്‍ രാഹുല്‍ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സെയിലിംഗ് പര്യവേഷണത്തില്‍ 29 പെണ്‍കുട്ടികളും 36 ആണ്‍കുട്ടികളും ഉള്‍പ്പെടെ 65 കേഡറ്റുകളാണ് പങ്കെടുത്തത്. പത്ത് ദിവസത്തിനിടെ, അഷ്ടമുടി തടാകം, പുന്നമട, വേമ്പനാട് തടാകം എന്നിവിടങ്ങളിലെ ജലാശയങ്ങളിലൂടെ ഏകദേശം 220 കിലോമീറ്റര്‍ സഞ്ചരിച്ചു. സെയിലിംഗിനൊപ്പം, വിവിധ ഹാള്‍ട്ടിംഗ് പോയിന്റുകളില്‍ കാഡറ്റുകള്‍ സാമൂഹിക സേവന, ബോധവല്‍ക്കരണ പരിപാടികളും നടത്തി.
പുന്നമടയില്‍ ടീമിനോടൊപ്പം ചേര്‍ന്ന എന്‍.സി.സി കേരളാ ലക്ഷദ്വീപ് മേഖലാ ഡയറക്ടര്‍ കേണല്‍ പ്രമോദ് എം യാത്ര അവലോകനം ചെയ്യുകയും ബോട്ട് തുഴയുന്നത്തില്‍ കേഡറ്റുകളോടൊപ്പം പങ്കാളിയാവുകയും ചെയ്തു. പര്യവേഷണത്തിലുടനീളം, കേഡറ്റുകള്‍ക്ക് നാവിക ജീവിതത്തിലെ പ്രായോഗിക അനുഭവം മാത്രമല്ല, ഇന്ത്യന്‍ നാവികസേനയിലെയും സായുധ സേനയിലെയും ചേരാന്‍ പ്രചോദനവും ലഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും, യാത്രയിലുടനീളം ലഭിച്ച സുരക്ഷയും സുഗമമായ നടത്തിപ്പും ഉറപ്പാക്കാന്‍ കൊല്ലം ഗ്രൂപ്പ് ആസ്ഥാനത്തിന് കഴിഞ്ഞു. വിവിധ നാവിക യൂണിറ്റുകളില്‍ നിന്നുള്ള ജീവനക്കാരുടെ പിന്തുണയും എടുത്ത് പറയേണ്ടതാണ്.
CONTENT HIGH LIGHTS;NCC Sailing Expedition Ends on Waves of Courage and Discipline
















