ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പിതാവും മുൻ വ്യോമസേന ഉദ്യോഗസ്ഥനുമായ എയർ കമ്മഡോർ എംകെ ചന്ദ്രശേഖറിന്റെ മൃതദേഹം സംസ്കരിച്ചു. ഉച്ചയ്ക്ക് 1.30ന് കുഡ്ലു ഗേറ്റിലെ രുദ്ര ഭൂമിയിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
ഉച്ച വരെ ബെലന്തൂരിലെ എപ്സിലോൺ വില്ലയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. 30 വർഷത്തോളം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ സ്വന്തമാക്കിയ എയർ കമ്മഡോർ എം കെ ചന്ദ്രശേഖർ ഇന്നലെയാണ് അന്തരിച്ചത്.
ബംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം കെ ചന്ദ്രശേഖർ എയർ കമ്മഡോറായി 1986ലാണ് വിരമിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലെയും കേന്ദ്ര രാഷ്ട്രീയത്തിലെയും മുതിർന്ന നേതാക്കൾ അനുശോചിച്ചു.
















