ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെതിരെ 50-ൽ താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂവെന്ന് വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. എൻഡിടിവിയുടെ ഡിഫൻസ് സമ്മിറ്റിലായിരുന്നു ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ വൈസ് ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ നര്‍മേദശ്വര്‍ തിവാരിയാണ് ഇക്കാര്യം വെളിപ്പെടുത്തല്‍. ”തിരിച്ചടിക്കായി തിരഞ്ഞെടുക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ ഞങ്ങള്‍ക്ക് ഒട്ടേറെ ലക്ഷ്യകേന്ദ്രങ്ങളുണ്ടായിരുന്നു. ഒടുവില്‍ അത് ഒന്‍പതെണ്ണമായി ചുരുക്കി. പ്രധാനകാര്യം എന്താണെന്നാല്‍ അന്‍പതില്‍ താഴെ ആയുധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സംഘര്‍ഷം ഇല്ലാതാക്കാന്‍ നമുക്ക് കഴിഞ്ഞു. ഒരു യുദ്ധം തുടങ്ങാന്‍ വളരെ എളുപ്പമാണ്. പക്ഷേ, അത് അവസാനിപ്പിക്കല്‍ എളുപ്പമല്ല. അത് പ്രധാന കാര്യമായിരുന്നു. നമ്മുടെ സേനകളെ വിന്യസിക്കുമ്പോള്‍ ഈ കാര്യം മനസിലുണ്ടായിരുന്നു”, അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ‘ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം(IACCS)” ആണ് ഇന്ത്യയുടെ പ്രതിരോധ, പ്രത്യാക്രമണങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചതെന്നും എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി വ്യക്തമാക്കി. പ്രാഥമികഘട്ടത്തിലെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും കനത്ത തിരിച്ചടി നല്‍കാനും ഈ സിസ്റ്റം ഇന്ത്യയെ സഹായിച്ചെന്നും ഇതോടെ സംഘര്‍ഷത്തില്‍നിന്ന് പിന്മാറാന്‍ പാകിസ്താന്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മൂന്ന് ഉന്നത നിര്‍ദേശങ്ങളാണ് ഡല്‍ഹിയില്‍നിന്ന് ലഭിച്ചത്. എതിരാളികള്‍ക്കുള്ള ശിക്ഷാ നടപടി ദൃശ്യമായിരിക്കണം, ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങള്‍ തടയാനുള്ള സന്ദേശമായിരിക്കണം, പരമ്പരാഗതമായ യുദ്ധത്തിലേക്ക് നീങ്ങുമെന്ന സാധ്യത കണക്കിലെടുത്ത് സായുധസേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം എന്നിവയായിരുന്നു അത്. ശത്രുവിന്റെ നീക്കങ്ങള്‍ക്ക് ഏതുരീതിയിലും തിരിച്ചടി നല്‍കാനുള്ള പൂര്‍ണസ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ലഭിച്ചു എന്നതാണ് പ്രധാനകാര്യം. അതൊരു വലിയ പോസിറ്റീവായിരുന്നു. അത് ഞങ്ങളുടെ തീരുമാനങ്ങളെടുക്കാനുള്ള കാലയളവ് ചുരുക്കി”, എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ആസൂത്രണത്തെക്കുറിച്ചും അത് നടപ്പാക്കിയതിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും എയര്‍ മാര്‍ഷല്‍ നര്‍മദേശ്വര്‍ തിവാരി വിശദീകരിച്ചു. ഇന്ത്യയുടെ വലംകൈയെന്നനിലയില്‍ വ്യോമസേനയുടെ പങ്ക് വീണ്ടും ഉറപ്പിച്ച നിര്‍ണായക നിമിഷമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ ഞങ്ങള്‍ ചെയ്തതെല്ലാം ഞങ്ങളുടെ കഴിവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. ലഷ്‌കര്‍ ആസ്ഥാനങ്ങളായ മുരിദ്‌കെയും ബഹാവല്‍പുരുമായിരുന്നു വ്യോമസേനയ്ക്ക് നല്‍കിയിരുന്ന രണ്ട് പ്രധാന ലക്ഷ്യകേന്ദ്രങ്ങള്‍. ഇതിനുപുറമേ നിയന്ത്രണ രേഖയോട് ചേര്‍ന്ന മറ്റ് ഏഴ് കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിനും നല്‍കി. മുരിദ്‌കെയില്‍ ലഷ്‌കര്‍ ആസ്ഥാനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് നേരേയും അവരുടെ തലവന്മാരുടെ രണ്ട് വസതികള്‍ക്ക് നേരേയും ബോംബുകള്‍ വര്‍ഷിച്ചു. ഡ്രോണ്‍ ദൃശ്യങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ചെറിയ ദ്വാരങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാല്‍, പ്രാദേശികമായി അവിടെനിന്ന് ലഭിച്ച മറ്റുവീഡിയോകളില്‍ തകര്‍ച്ചയുടെ വ്യാപ്തി സ്ഥിരീകരിച്ചു. ബഹാവല്‍പുരില്‍ അഞ്ച് കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ലഷ്‌കറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കേഡര്‍മാരുടെ താമസസ്ഥലം, നേതാക്കളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് കൃത്യമായ ആയുധങ്ങള്‍ കെട്ടിടങ്ങളുടെ വിവിധ നിലകളിലൂടെ തുളച്ചുകയറി. അവരുടെ കമാന്‍ഡ് സംവിധാനങ്ങളെയെല്ലാം നശിപ്പിച്ചു. ആയിരം വാക്കുകളെക്കാളും ചിത്രങ്ങള്‍ സംസാരിക്കുമെന്നും എയര്‍ മാര്‍ഷല്‍ തിവാരി പറഞ്ഞു.ഇന്ത്യയുടെ പ്രത്യാക്രമണമാണ് അടിയന്തരമായ മധ്യസ്ഥതയ്ക്ക് പാകിസ്താനെ നിര്‍ബന്ധിതരാക്കിയത്. തുടര്‍ന്ന് മേയ് പത്താം തീയതി കരയിലൂടെയും ആകാശത്തുകൂടെയും കടല്‍വഴിയുമുള്ള എല്ലാ ആക്രമണവും താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു. അതേസമയം, പാകിസ്താനില്‍ കൊല്ലപ്പെട്ട ഭീകരരുടെ അന്ത്യകര്‍മങ്ങളില്‍ പഞ്ചാബ് കോര്‍പ്‌സ് കമാന്‍ഡര്‍, ചീഫ് സെക്രട്ടറി, പോലീസ് മേധാവി തുടങ്ങിയ പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. പാകിസ്താന്‍ സര്‍ക്കാര്‍ തീവ്രവാദത്തെ നേരിട്ട് സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നതും അദ്ദേഹം വ്യക്തമാക്കി.
















