താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ നേമം ഗവ. ആശുപത്രിയില്‍ ഇ.സി.ജി. പോലെയുള്ള സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ദ്രുതഗതിയില്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
2023 സെപ്റ്റംബര്‍ 16ന് സന്ധ്യയ്ക്ക് ഹൃദയ സ്തംഭനവുമായി നേമം ഗവ. ആശുപത്രിയിലെത്തിയ രോഗിക്ക് ഇ.സി.ജി. യെടുക്കാന്‍ വാടകയ്ക്ക് മെഷീന്‍ എടുക്കേണ്ടി വന്നുവെന്ന പരാതിയിലാണ് ഉത്തരവ്. പിന്നീട് രോഗി മരിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 16 ന് ഒരു രോഗിയും നേമം ഗവ. ആശുപത്രിയില്‍ ഹൃദയസ്തംഭനം കാരണം മരിച്ചിട്ടില്ലെന്ന് ഡി.എം.ഒ. കമ്മീഷനെ അറിയിച്ചു.
അഡീഷണല്‍ ഡി.എം.ഒ.യുടെ റാങ്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് പരാതിയെകുറിച്ച് അന്വേഷിക്കണമെന്ന് ഡി.എം.ഒയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. രോഗികള്‍ക്ക് 24 മണിക്കൂറും ഇ.സി.ജി. സൗകര്യം ലഭിക്കുന്നുണ്ടോ, താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടുണ്ടോ, ആശുപത്രി സേവനങ്ങള്‍ രോഗികള്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച്
അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.എം.ഒ. ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഡി. എം ഒ, റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറണം. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാന്‍ ഡി.എച്ച്.എസ്. നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.
രണ്ട് ഇ.സി.ജി. മെഷീനുകള്‍ നേമം താലൂക്ക് ആശുപത്രിയിലുണ്ടെങ്കിലും രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ ഒരു ഇ.സി.ജി. ടെക്‌നീഷ്യന്റെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീമിന്റെ പരാതിയിലാണ് നടപടി.
CONTENT HIGH LIGHTS;Nemom Taluk Hospital should provide 24-hour ECG service: Human Rights Commission
















