വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു അതിമനോഹരഗ്രാമം. കാൽനടയായി നടന്ന വേണം ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കേണ്ടത്. പറഞ്ഞുവരുന്നത് മഹാരാഷ്ട്രയിലെ മാതേറാൻ എന്ന ഹിൽ സ്റ്റേഷനെ കുറിച്ചാണ്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും മാലിന്യമുക്തവുമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് മാതേറാൻ.
കന്യാകുമാരി മുതൽ ഗുജറാത്ത് വരെ 1600 കിലോ മീറ്റർ നീണ്ട് കിടക്കുന്ന പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് മാതേരാൻ മലനിരകൾ. സമുദ്ര നിരപ്പിൽ നിന്നും 2625 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന മനോഹരമായ ഹിൽ സ്റ്റേഷൻ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കർജത് താലൂക്കിലാണ്. 1850-ഇൽ ബ്രിട്ടീഷുകാരാണ് മാതേരാൻ മലനിരകൾ കണ്ടെത്തി ഹിൽ സ്റ്റേഷനാക്കി മാറ്റിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാരുടെ വേനൽക്കാല ഉല്ലാസയിടമായി ഇവിടം മാറി. കൊളോണിയൽ രീതിയിലുള്ള ബംഗ്ലാവുകളും, റോഡുകളും, വ്യൂ പോയിന്റുകളും അവർ ഇവിടെ നിർമ്മിച്ചു. നെരാലിൽ നിന്നും മാതേരാനിലേക്കുള്ള നാരോ ഗേജ് റെയിൽപാതയും ബ്രിട്ടീഷുകാരുടെ സംഭാവനയാണ്. ഇവിടുത്തെ പ്രധാന വ്യൂ പോയിന്റുകളൊക്കെ ഇന്നും ബ്രിട്ടീഷുകാരുടെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്യത്തിന് ശേഷവും പൂർണ്ണ പ്രൗഡിയോടെ വിനോദ സഞ്ചാരത്തിനായി മാതേരാൻ മലനിരകൾ കാത്തുസൂക്ഷിക്കപ്പെട്ടു. വാഹനസൗകര്യം ഇല്ലാത്ത ഏഷ്യയിലെ ഏക ഹിൽ സ്റ്റേഷൻ ആണ് മാതേരാൻ. അപൂർവ്വമായി മാത്രം കാണപ്പെടുന്ന സസ്യ വന്യജീവി സാന്നിധ്യം കൊണ്ടും പരിസ്ഥിതി ലോലമായ ഈ പ്രദേശത്തെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷത്തിൽ എപ്പോൾ വേണമെങ്കിലും മാതേരാനിലേക്ക് പോകാമെങ്കിലും ഏറ്റവും മനോഹരമായ കാഴചകളും, പ്രകൃതി ഭംഗിയും ആസ്വദിക്കാൻ പറ്റുന്നത് മഴക്കാലത്ത് തന്നെയാണ്. മൺസൂൺ കാലത്തെ മാതേരാനിലെ മഞ്ഞും, മഴയും, തണുപ്പും, പച്ചപ്പും അവിസ്മരണീയ അനുഭവമാണ്.
ട്രെക്കിംഗ് പ്രേമികളുടെ മനസ്സു കവരുക തന്നെ ചെയ്യും അതിമനോഹരമായ ഈ ഹിൽസ്റ്റേഷൻ. മാതേറാൻ്റെ മുകളിലുള്ള ലൂസ പോയിന്‍റില്‍ നിന്ന് നോക്കിയാല്‍ പ്രബല്‍ ഫോര്‍ട്ട് കാണാം. വണ്‍ ട്രീ ഹില്‍ പോയിന്‍റ്, ഹാര്‍ട്ട് പോയിന്‍റ്, മങ്കി പോയിന്‍റ്, പോര്‍ക്കുപൈന്‍ പോയിന്‍റ്, രാംബാഗ് പോയിന്‍റ് തുടങ്ങിയവയാണ് മറ്റ് വ്യൂ പോയിന്‍റുകള്‍. കാടുകളും വെള്ളച്ചാട്ടങ്ങളുമൊക്കെ നിറഞ്ഞ മാതേറാൻ കാഴ്ചകൾ നടന്നും കുതിരപ്പുറത്തുമൊക്കെയായി ആസ്വദിക്കാം. ഈ റൂട്ടിൽ ഒരു ടോയി ട്രെയിൻ യാത്രയും സഞ്ചാരികൾക്ക് സാധ്യമാണ്.
















