കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിനെതിരെ കരിങ്കൊടി വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ ചിലര്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധം. വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ചിലര്‍ പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്നാണ് ആരോപണം.
രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടത്. വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ വോട്ടര്‍ പട്ടിക പുതുക്കല്‍ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ബിജെപിയും ആര്‍എസ്എസും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്ത് ‘വോട്ട് ചോരി’യില്‍ (വോട്ട് മോഷണത്തില്‍) ഏര്‍പ്പെടുകയാണ്. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വോട്ടുകള്‍ മോഷ്ടിക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ വിജയിച്ചു. എന്നാല്‍ ബിഹാറില്‍ ഒരു വോട്ട് പോലും മോഷ്ടിക്കാന്‍ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അനുവദിക്കില്ല, രാഹുല്‍ പറഞ്ഞു.
STORY HIGHLIGHT : rahul-gandhi-offered-candies-to-bjym-workers-who-showed-him-black-flags
















