ബീജിങ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ചൈനയിൽ എത്തിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച.
ഏഴ് വർഷത്തിനിപ്പുറമാണ് നരേന്ദ്രമോദി ചൈനയിലെത്തിയത്. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രഹ്മപുത്രനദീജല തർക്കം, അതിർത്തിഗ്രാമങ്ങളുടെ മേലേയുള്ള അവകാശതർക്കം എന്നിവ കലുഷിതമാക്കിയ നാളുകളാണ് കടന്നുപോയത്. ടിക് ടോക് ഉൾപ്പെടെ ആപ്പുകൾ നിരോധിച്ചും സ്വതന്ത്രവ്യാപരത്തിൽ നിയന്ത്രണമേർപ്പെടുത്തിയുമാണ് ഇന്ത്യ പ്രതികരിച്ചത്.
അമേരിക്ക സൃഷ്ടിക്കുന്ന തീരുവ പ്രതിസന്ധി ലോകരാജ്യങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ മാറ്റിമറിക്കുകയാണ്. പുതിയവിപണിയും ബന്ധങ്ങളും തേടിയുള്ള യാത്രയിലാണ് ഇന്ത്യ. ജപ്പാനുമായി നടന്ന ചർച്ചയുടെ ഭാഗമായി ആറ് ലക്ഷം കോടി നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് തുറമുഖനഗരമായ ടിയാൻജനിലെ ഉച്ചകോടിക്ക് എത്തുന്ന റഷ്യൻപ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും.
















