ഖത്തറിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 28 മുതൽ 60 ദിവസത്തെ അധിക സമയപരിധിയാണ് അനുവദിച്ചത്.
മുൻപ് 2007ലെ ട്രാഫിക് നിയമം നമ്പർ (19) അനുസരിച്ച് സമയപരിധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കണമെന്ന് നിർദേശം നൽകിയിരുന്നു. ജൂലൈ 27ന് പുറപ്പെടുവിച്ച അറിയിപ്പിൽ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് വാഹന ഉടമകൾക്ക് 30 ദിവസത്തെ സമയം നൽകിയിരുന്നു.
അതേസമയം ഈ കാലാവധി അവസാനിച്ചത്തിനെ തുടർന്നാണ് വീണ്ടും 60 ദിവസം കൂടി സമയപരിധി നൽകിയത്. വാഹന ഉടമകൾക്ക് ആവശ്യമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം നൽകുകയും, നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൂടാതെ രാജ്യത്ത് റോഡ് സുരക്ഷ ഉറപ്പാക്കുകയും, എല്ലാ വാഹന യാത്രക്കാരും ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
















