രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുക്കുന്നതിനു മുന്‍പ് വനിതാ നേതാക്കള്‍ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത് തെറ്റെന്ന് എംഎം ഹസന്‍ പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടി തീരുമാനം ആണ് അന്തിമം എന്ന് എംഎം ഹസന്‍ പറഞ്ഞു. ഞങ്ങള്‍ പാര്‍ട്ടി ആലോചിച്ച് ഏകകണ്ഠമായി, ജനാധിപത്യപരമായി സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. വനിതാ നേതാക്കള്‍ക്ക് ഒക്കെ സ്വതന്ത്രമായ അഭിപ്രായം പറയാം. പക്ഷേ, പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്. പാര്‍ട്ടി തീരുമാനം വരുന്നതിനു മുന്‍പ് അങ്ങനെയുള്ള ആളുകള്‍ പ്രതികരിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം എം ഹസൻ പറഞ്ഞു. നിയമസഭയിൽ പങ്കെടുക്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ അവകാശം. രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്വന്തം എം എൽ എ മാരും മന്ത്രിമാരും ആരോപണ വിധേയരായവർ തുടരുന്ന സാഹചര്യത്തിലാണ് രാജി ആവശ്യപ്പെടുന്നത്. സ്വന്തം മുന്നണിയിലുള്ളവരെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന മുഖ്യമന്തിയാണ് രാജി ആവശ്യപ്പെടുന്നത്. എന്ത് യുക്തിയുടെ പേരിലാണ് രാജി വയ്ക്കണമെന്ന് പറയുന്നത്? രാഹുലിനെതിരെ ഒരാളും പരാതി കൊടുത്തിട്ടില്ലെന്നും അന്വേഷണത്തിൽ ആർക്കും കുഴപ്പമില്ലെന്നും ഹസന്‍ പറഞ്ഞു. പരാതിയുള്ളവർക്ക് പൂർണ പ്രൊട്ടക്ഷൻ നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പരാതിക്കാരുണ്ടോ എന്ന് ചോദിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിനെ തടയാൻ തുനിഞ്ഞാൽ കോൺഗ്രസ് കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും എം എം ഹസൻ പറഞ്ഞു. നിങ്ങളുടെ സ്ത്രീപീഡകരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡിലിറങ്ങി നടക്കാമെന്ന് ഡിവൈഎഫ്ഐക്കാര്‍ വ്യാമോഹിക്കേണ്ട. യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും വെറുതെ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല എന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.
















