കനത്ത മഴയെത്തുടർന്ന് പഞ്ചാബിൽ പ്രളയം അതിരൂക്ഷം. സംസ്ഥാനത്തെ 1,018 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 61,632 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് പ്രാഥമിക കണക്ക്. സ്ഥിതിഗതികൾ ഗുരുതരമായതോടെ പഞ്ചാബ് സർക്കാർ അടിയന്തര കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പഞ്ചാബിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്നാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നത്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള സത്‌ലജ്, ബിയാസ്, രവി എന്നീ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയത്തിന് പ്രധാന കാരണം. ഗുർദാസ്പൂർ, ഫസിൽക, ഫിറോസ്പൂർ, കപൂർത്തല, പത്താൻകോട്ട് തുടങ്ങിയ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രളയം സംസ്ഥാനത്തിന്റെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.
















